തൊടുപുഴ: തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനാംഗങ്ങൾക്കുള്ള യൂസർ ഫീ ഏകീകരിച്ചു. തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിക്കുന്ന കുറഞ്ഞ യൂസർ ഫീ നിരക്കുകൾ ഹരിതകർമസേനയുടെ പ്രവർത്തനത്തിന് പര്യാപ്തമല്ലാത്തതിനാലാണിത്.

കുടുംബശ്രീ സംരംഭ മാതൃകയിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനാംഗങ്ങൾക്കുള്ള പ്രവർത്തനമാർഗരേഖയിലാണ് ഗ്രാമപ്രദേശങ്ങളിലെ വീടുകൾക്ക് 50 രൂപയും നഗരപ്രദേശങ്ങളിലെ വീടുകൾക്ക് 70 രൂപയും യൂസർഫീ ഈടാക്കണമെന്ന് സർക്കാർ ഉത്തരവുള്ളത്. കടകളിൽനിന്ന്‌ യൂസർഫീയായി 100 രൂപ വാങ്ങാം.

ഈ തുകയിൽ കുറഞ്ഞ നിരക്കാണ് യൂസർഫീയായി നിശ്ചയിക്കുന്നതെങ്കിൽ സർക്കാർ വിജ്ഞാപനം ചെയ്ത തുകയും തദ്ദേശസ്ഥാപനങ്ങൾ തീരുമാനിച്ച തുകയും തമ്മിലുള്ള അന്തരം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ നികത്തണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. യൂസർഫീ വാങ്ങുന്നതും മാലിന്യശേഖരണപ്രക്രിയകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഡിജിെറ്റെസ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ നിർദേശിക്കുന്നു.