അടിമാലി: കോവിഡ് പ്രതിസന്ധി മൂലമുണ്ടായ കടബാധ്യതയെ തുടർന്ന് ബേക്കറി ഉടമ കടയ്ക്കുള്ളിൽ ജീവനൊടുക്കി. ഇരുമ്പുപാലം ടൗണിൽ ബേക്കറിയും ടീ ഷോപ്പും നടത്തിവന്നിരുന്ന ഒഴുവത്തടം പുല്ലരിമലയിൽ വിനോദിനെയാണ്(47) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതകൾ ഏറെയുള്ള വിനോദിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരു മാസത്തോളം കട അടച്ചിടേണ്ടിവന്നിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലെ അഞ്ചോടെയാണ് കട തുറക്കാൻ വിനോദ് വീട്ടിൽനിന്ന് പോയത്. കടയിൽ കയറിയശേഷം ഷട്ടർ പകുതി താഴ്ത്തി. ഏഴുമണിക്ക് പാൽ വിൽക്കുന്നയാൾ എത്തിയിട്ടും കട തുറന്നില്ല. സമീപത്തുള്ളവർ ഫോണിൽ വിളിച്ചപ്പോൾ കടയിൽനിന്ന് ബെല്ലടിക്കുന്നത് കേട്ടു. തുടർന്ന് ഇവർ കടയിൽ കയറി നോക്കിയപ്പോഴാണ് വിനോദിനെ തൂങ്ങിയ നിലയിൽ കണ്ടത്.

വ്യക്തികളിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും വിനോദ് കടം വാങ്ങിയിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ബേക്കറിയിലും ടീ ഷോപ്പിലും നല്ലരീതിയിൽ കച്ചവടമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായി വായ്പകളുടെ തവണ അടച്ചുകൊണ്ടിരുന്നു. എന്നാൽ കോവിഡും സന്പർക്കവിലക്കും എല്ലാം തകിടംമറിച്ചു. കച്ചവടം തീരെയില്ലാതായി. ഇതോടെ കടം വാങ്ങിയ തുകകൾ തിരിച്ചുകൊടുക്കാൻ പറ്റാതെയായി.

ഇതിനിടെ വിനോദിന് കോവിഡും പിടിപെട്ടു. ഇതോടെ ഒരു മാസത്തോളം കട അടച്ചിടേണ്ടിവന്നു. ഡ്രൈവറായ മകനും കോവിഡിൽ ജോലിയുണ്ടായിരുന്നില്ല. ഇതോടെ പ്രതിസന്ധി രൂക്ഷമായി. കടങ്ങൾ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വിനോദ് വലിയ മാനസികസമ്മർദം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

വീടുപണിയുമായി ബന്ധപ്പെട്ട് എട്ട് ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നും അത് സമയത്ത് കൊടുക്കാൻ പറ്റാത്തതാണ്‌ കാരണമെന്നും അടിമാലി പോലീസിന്റെ പേരിൽ എഴുതിയ ആത്മഹത്യാകുറിപ്പിൽ പറയുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകി. വീട്ടുവളപ്പിൽ സംസ്കരിച്ചു. ബിന്ദുവാണ് ഭാര്യ. ഏകമകൻ അഖിൽ.