സീതത്തോട് (പത്തനംതിട്ട): ഓഫീസിലെത്താതെതന്നെ ഉപഭോക്താക്കൾക്ക് സേവനങ്ങളൊരുക്കുന്ന കെ.എസ്.ഇ.ബി.യുടെ വാതിൽപ്പടി സേവനപദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്തെവിടെയും ലഭ്യമാകുന്ന പുതിയ സേവനത്തിന് ദിനംപ്രതി ഉപഭോക്താക്കൾ കൂടുകയുമാണ്. ഫെബ്രുവരിയിലാണ് പുതിയ സംരംഭം തുടങ്ങിയത്. കോവിഡ് കാലത്ത് ജനങ്ങളുടെ ദുരിതം ഒഴിവാക്കാനായിരുന്നു ഇത്.

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപഭോക്താവ് കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ പോകേണ്ടതില്ല. വീട്ടിലിരുന്ന് 1912 എന്ന നമ്പരിലേക്ക് ഫോൺകോൾ ചെയ്താൽ മതി. ആവശ്യപ്പെടുന്ന സേവനങ്ങളുമായി കെ.എസ്.ഇ.ബി. ജീവനക്കാർ വീട്ടിലെത്തും.

സേവനം 24 മണിക്കൂറും ലഭിക്കും. പുതിയ വൈദ്യുതി കണക്ഷന് പുറമെ ഉടമസ്ഥാവകാശം മാറ്റൽ, കണക്ടഡ് ലോഡ്/ ഫെയ്‌സ് എന്നിവയുടെ മാറ്റം, താരിഫ് മാറ്റം, വൈദ്യുതി മീറ്ററും ലൈനും മാറ്റം തുടങ്ങിയവയാണ് പ്രധാനമായും വാതിൽപ്പടിസേവനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജൂണിൽ മാത്രം 957 പുതിയ കണക്ഷനുകളും 3121 ഇതര സേവനങ്ങളും പദ്ധതിയിലൂടെ നൽകി.

വാതിൽപ്പടി സേവനം

കെ.എസ്.ഇ.ബി.യുടെ സേവനം വേണ്ടിവരുന്നയാൾ 1912 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കണം. കോൾ കണക്ടായാൽ 19 ഡയൽ ചെയ്ത് കസ്റ്റമർ കെയർ എക്‌സിക്യുട്ടീവിനെ ആവശ്യം അറിയിക്കുക. 1912-ൽ രജിസ്റ്റർ ചെയ്ത ആവശ്യം ബന്ധപ്പെട്ട സ്ഥലത്തെ സെക്ഷൻ ഓഫീസുകളിലേക്ക് ഓൺലൈനായി നൽകും.

സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ ഉപഭോക്താവിനെ വിളിക്കും. ഉപഭോക്താവിന് സൗകര്യപ്രദമായ സമയത്ത് സേവനം വീട്ടിലെത്തി നൽകും. അവധികളില്ലാതെ ഈ സേവനം ലഭ്യം. വിളിക്കുന്ന കോളുകളും തുടർനടപടികളുമെല്ലാം പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്.