തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള സാങ്കേതിക സർവകലാശാല നീക്കത്തിൽ പ്രതിഷേധിച്ച് സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു. ധർണ നടത്തി. എൻ.എസ്.യു.ഐ. ദേശീയ സെക്രട്ടറി എറിക് സ്റ്റീഫൻ നേതൃത്വം നൽകി.

പരീക്ഷകൾ ഓൺലൈനാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ വൈസ് ചാൻസലറെ കാണാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് നേതാക്കൾ നിരാഹാരസമരം പ്രഖ്യാപിച്ചു. തുടർന്ന് സ്ഥലത്തെത്തിയ എം.വിൻസെന്റ് എം.എൽ.എ.യും നേതാക്കളും വൈസ് ചാൻസലറുമായി ചർച്ച നടത്തി. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കൾ അറിയിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം ആറ്റിപ്ര ഷാ, കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് അണ്ടൂർക്കോണം സനൽ എന്നിവർ പങ്കെടുത്തു.