കോട്ടയം: പാലാ, കടുത്തുരുത്തി നിയമസഭാമണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കാൻ സി.പി.എം. കമ്മിഷനെ നിയോഗിക്കും. പി.കെ.ഹരികുമാർ, കെ.എം.രാധാകൃഷ്ണൻ എന്നിവരാണ് കടുത്തുരുത്തിയിലെ കാര്യം പരിശോധിക്കുക. എം.ടി.ജോസഫ്, ടി.ആർ.രഘുനാഥൻ എന്നിവരാണ് പാലായ്ക്കുള്ള കമ്മിഷനിലുള്ളത്. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റുമാണ് നിയമസഭാ തിരഞ്ഞെടുപ്പ്ഫലം വിശകലനം ചെയ്തത്.

എല്ലാ മണ്ഡലങ്ങളിലെയും വോട്ടുനില ബൂത്തടിസ്ഥാനത്തിൽ പരിശോധിക്കും. അതത് ഇടങ്ങളിൽ ഇതിന് ചുമതലക്കാരെ നിയോഗിച്ചു. പാലാ തോൽവി അന്വേഷിക്കാൻ ജില്ലാതലത്തിൽ തീരുമാനമെടുക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം നിർദേശിച്ചിരുന്നു.

പാലായിൽ ഘടകക്ഷിയുടെ സംസ്ഥാന ചെയർമാനും കടുത്തുരുത്തിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് പരാജയപ്പെട്ടത്. അതിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള പരിശോധന വേണമെന്നാണ് തീരുമാനം. പാലായിൽ ബി.ജെ.പി.വോട്ടുകൾ വൻതോതിൽ യു.ഡി.എഫ്.ക്യാമ്പിലേക്ക് പോയെന്നാണ് കേരള കോൺഗ്രസ് എം ചെയർമാനും സ്ഥാനാർഥിയുമായ ജോസ് കെ.മാണി വിലയിരുത്തിയത്. എന്നാൽ, സ്വന്തം പാർട്ടിവോട്ടുകളും സി.പി.എം.വോട്ടുകളും ചോർന്നെന്ന കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ നേതൃയോഗം ചർച്ച ചെയ്തില്ല. പകരം സി.പി.എം. അന്വേഷിക്കുന്നെങ്കിൽ അതുമായി സഹകരിക്കാമെന്നാണ് പറഞ്ഞത്.

ബി.ജെ.പി.വോട്ടുകളുടെ യു.ഡി.എഫ്.ക്യാമ്പിലേക്കുള്ള പോക്കാണ് തോൽവിക്ക് കാരണമായി മന്ത്രിയും സി.പി.എം. മുൻ ജില്ലാ സെക്രട്ടറിയുമായ വി.എൻ.വാസവനും കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയത്. എന്നാൽ, പാർട്ടി ജില്ലാ നേതൃയോഗങ്ങൾ അതിനുമപ്പുറത്തേക്ക് പരിശോധന വേണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കേന്ദ്രക്കമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. തോമസ് ഐസക്, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ്, ജില്ലാ സെക്രട്ടറി എ.വി.റസൽ, മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.