കൊണ്ടോട്ടി: സ്വർണക്കടത്ത് പതിവായ കരിപ്പൂരിൽ കള്ളക്കടത്തുകാർക്ക് സഹായകരമാവുന്നത് വിമാനത്താവളത്തിലെ സുരക്ഷാവീഴ്ചകൾ. തന്ത്രപ്രധാനമായ സ്ഥലമാണെങ്കിലും വേണ്ടത്ര സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവാത്തതിന്റെ ആനുകൂല്യം മുതലെടുത്താണ് സ്വർണക്കടത്തുകാർ ബിസിനസ് വളർത്തുന്നത്.

സ്വർണക്കടത്തുകാർക്ക് വിമാനത്താവളത്തിലെ താത്കാലികജോലിക്കാരിൽനിന്ന് വലിയതോതിൽ സഹായം ലഭിക്കുന്നതായി വളരെക്കാലം മുൻപേ ആക്ഷേപമുയർന്നതാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചില തൊഴിലാളികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ച വാഹനാപകടത്തിനു പിന്നിലെ സ്വർണക്കടത്തിലും ഇത്തരം ജീവനക്കാരിൽനിന്ന് സഹായം ലഭിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

വളരെ തുച്ഛമായ ശമ്പളത്തിന് പണിയെടുക്കുന്ന കരാർജീവനക്കാർ കരിപ്പൂരിലുണ്ട്. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളമോ ആനുകൂല്യങ്ങളോ നൽകാത്ത കരാർ കമ്പനികളുമുണ്ട്. ഇത്തരം തൊഴിലാളികളെയാണ് സ്വർണക്കടത്തു സംഘം വശത്താക്കുന്നത്. വിമാനത്താവളത്തിനകത്തേക്ക് പ്രവേശനമുള്ള ഇവർ, സ്വർണം കൊണ്ടുവരുന്നവരെ നിരീക്ഷിക്കുകയും അത്യാവശ്യഘട്ടത്തിൽ സ്വർണം പുറത്തെത്തിക്കുകയും ചെയ്യുന്നതായാണ് വിവരം.

വിമാനത്താവളത്തിനകത്ത് തന്ത്രപ്രധാനമായ പലയിടങ്ങളിലും സി.സി.ടി.വി. ക്യാമറകളില്ല. ഉള്ളവയിൽ ചിലത് നേരാംവണ്ണം പ്രവർത്തിക്കുന്നില്ല. സ്വർണക്കടത്തുകാരെ സഹായിക്കുന്നവർക്ക് ഇത്തരം സ്ഥലങ്ങൾ കൃത്യമായി അറിയാം. പലപ്പോഴും ഇത്തരം സ്ഥലങ്ങളിൽെവച്ചാണ് സ്വർണം കൈമാറ്റംചെയ്യുന്നത്.

വിമാനത്താവളത്തിനു പുറത്തും വേണ്ടത്ര നിരീക്ഷണസംവിധാനങ്ങളില്ല. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നതിനോ ആവശ്യമെങ്കിൽ വാഹനത്തിന്റെ വിശദാംശങ്ങൾ സൂക്ഷിക്കുന്നതിനോ സംവിധാനമില്ല.