കൊച്ചി: തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീ മിഷന് സർക്കാർ ഫണ്ട് നൽകുന്നത് ഹൈക്കോടതി താത്‌കാലികമായി തടഞ്ഞു. കുടുംബശ്രീ മിഷന് ദേശീയ മൃഗക്ഷേമബോർഡിന്റെ അംഗീകാരമുണ്ടോയെന്നും വന്ധ്യംകരണ നടപടികൾക്കുള്ള പരിശീലനം ലഭിച്ചിട്ടുണ്ടോയെന്നും അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു. തിരുവനന്തപുരം അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തുനായയെ തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

മതിയായ സൗകര്യങ്ങളും പരിശീലനവുമില്ലാതെയാണ് കുടുംബശ്രീ പ്രവർത്തകർ തെരവുനായ്ക്കളെ വന്ധ്യംകരിക്കുന്നതെന്ന് ഹർജിയിൽ കക്ഷിചേർന്ന മൃഗസംരക്ഷണ സംഘടനകളും വ്യക്തികളും ആരോപിച്ചു. സംസ്ഥാന മൃഗക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ ജംബോ കമ്മിറ്റികൾ ഒഴിവാക്കണമെന്ന നിർദേശം കോടതി ആവർത്തിച്ചു.

നിർദേശം സമർപ്പിക്കാൻ അമിക്കസ്‌ക്യൂറിയെ ചുമതലപ്പെടുത്തി.

ബ്രൂണോയെ അടിച്ചുകൊന്ന കേസിൽ കുറ്റപത്രം കോടതിയിൽ നൽകിയെന്നും ബ്രൂണോയുടെ ഉടമസ്ഥർക്കെതിരേ മറ്റൊരു കേസ് നിലവിലുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നതിനാൽ കേസിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.

തെരുവുനായ്ക്കൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കരുതെന്ന പോസ്റ്ററുകൾ മൃഗസംരക്ഷണ വകുപ്പ് നീക്കംചെയ്തെന്ന് അഡി. എ.ജി. അശോക് എം. ചെറിയാൻ അറിയിച്ചു. ഹർജി ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും.