ആലപ്പുഴ: പരീക്ഷ ജയിക്കാതെ വക്കീലായി ജോലിചെയ്തെന്ന ആരോപണംനേരിടുന്ന സെസി സേവ്യറെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

നോർത്ത് സി.ഐ. യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. ഇവരുടെ ഫോൺ പ്രവർത്തിക്കുന്നില്ല. സാമൂഹികമാധ്യമങ്ങളിലുണ്ടായിരുന്ന അക്കൗണ്ടുകളും നീക്കംചെയ്തു. ഇവർ സംസ്ഥാനം വിട്ടതായാണുസംശയം.

ജഡ്ജിമാരെപ്പോലും കബളിപ്പിച്ച പ്രതിയെ എത്രയുംവേഗം പിടികൂടണമെന്ന സമ്മർദം പോലീസിനുണ്ട്. ഇവരെച്ചൊല്ലി അഭിഭാഷകർക്കിടയിലും ഭിന്നിപ്പുണ്ടായിരിക്കുകയാണ്. സെസി സേവ്യർ ലോയേഴ്സ് കോൺഗ്രസ് പ്രതിനിധിയായാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതുകൊണ്ടുതന്നെ അവരുടെ കള്ളത്തരത്തിനു കൂട്ടുനിന്നതു ലോയേഴ്സ് കോൺഗ്രസ് അനുകൂലികളാണെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്.

എന്നാൽ, സെസിക്ക് മാനദണ്ഡംനോക്കാതെ അസോസിയേഷൻ അംഗത്വം നൽകിയതു ലോയേഴ്സ് യൂണിയൻ ഭാരവാഹികളാണെന്നും എല്ലാ കള്ളത്തരങ്ങൾക്കും കൂട്ടുപിടിച്ചത് അവരാണെന്നും എതിർവിഭാഗം കുറ്റപ്പെടുത്തുന്നു.

ബാർ കൗൺസിൽ രജിസ്ട്രേഷൻ നോക്കാതെയും സർട്ടിഫിക്കറ്റ് പരിശോധിക്കാതെയും ഫീസ് മാത്രം വാങ്ങി അംഗത്വം നൽകിയെന്നാണ് ആക്ഷേപം.

അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഏറ്റവുംവലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ലൈബ്രറിയുടെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, എല്ലാ യൂണിയനിലുള്ളവരും സെസിയെ അന്ധമായി വിശ്വസിച്ചെന്നാണു മുതിർന്ന അഭിഭാഷകർ പറയുന്നത്.