ചങ്ങനാശേരി: അനർഹമായ റേഷൻ കാർഡുകൾ മാറ്റാൻ ഇളവ് അനുവദിച്ചിട്ടും അത് ചെയ്യാത്തവർക്കെതിരെ ഓണത്തിനുശേഷം നിയമനടപടികളിലേക്ക് നീങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. അർഹതയുള്ള ആളുകൾ പ്രയാസം അനുഭവിക്കുമ്പോൾ അനർഹരുടെ പക്കലാണ് മുൻഗണനാ കാർഡുകൾ കൂടുതലായുമുള്ളത്. അതിനാൽ അടിയന്തരപ്രാധാന്യമുള്ളവർക്ക് നിയമനടപടികൾ ഇല്ലാതെതന്നെ അർഹമായ മുൻഗണനാ കാർഡുകൾ മാറ്റിനൽകുമെന്നും മന്ത്രി പറഞ്ഞു. അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപത് വയസ്സുള്ള ദേവനന്ദന്റെ കുടുംബത്തിന് മുൻഗണനാ വിഭാഗത്തിലുള്ള കാർഡ് നൽകി സംസ്ഥാനത്തെ ആദ്യ കാർഡ് മാറ്റവിതരണ നടപടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒൻപതിനായിരത്തിമൂന്നൂറിലധികം അപേക്ഷകളാണ് കാർഡ് മാറ്റത്തിന് ലഭിച്ചിരിക്കുന്നത്. അനർഹമായി കൈവശംവെച്ചിരുന്ന ഒരു ലക്ഷത്തി പതിനാറായിരം കാർഡുകളാണ് മാറ്റിയത്. ഇനിയും കാർഡുകൾ മാറ്റിനൽകാനുണ്ട്. ഇരുപത്തിരണ്ടായിരത്തിലധികം വരുന്ന റേഷൻ കട ജീവനക്കാർക്ക് ഇൻഷുറൻസ് കവറേജ് നടപ്പാക്കിയിട്ടുണ്ട്. റേഷൻ കട ജീവനക്കാരുടെ ക്ഷേമനിധിബോർഡിന് സർക്കാർ വിഹിതം നൽകാനും തീരുമാനിച്ചിട്ടുണ്ട്.