കോട്ടയം: ഹാരിസൺ ഭൂമി എന്നറിയപ്പെടുന്ന പാട്ടത്തോട്ടങ്ങൾ ഏറ്റെടുക്കാൻ നടപടി വേഗത്തിലാക്കുമെന്ന് റവന്യൂ മന്ത്രി പറയുമ്പോഴും ഇതിനുള്ള നടപടികൾ ഇഴഞ്ഞുതന്നെ. വയനാട്, തൃശ്ശൂർ ഒഴികെയുള്ള ജില്ലകളിൽ അതത് കളക്ടർമാർ സിവിൽ കേസ് ഫയൽ ചെയ്തത് മാത്രമാണ് ഇക്കാര്യത്തിലുണ്ടായത്. ഇതിൽത്തന്നെ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിൽ അവകാശം സ്ഥാപിക്കാൻ പാലാ സബ് കോടതിയിൽ നൽകിയ കേസിലാണ് നടപടികൾ അൽപ്പമെങ്കിലും മുന്നോട്ടുപോയിട്ടുള്ളത്.

എല്ലാ കേസുകളിലും എതിർകക്ഷിയായ ഹാരിസണ് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സുപ്രീംകോടതി പാട്ടഭൂമികളിൽ അവകാശം സ്ഥാപിക്കാൻ സിവിൽ കേസ് നടത്താമെന്ന് നിർദേശിച്ചത്. ഇൗ സർക്കാർ വന്നശേഷം ഹാരിസൺ കേസുകൾ കൈകാര്യം ചെയ്തിരുന്ന പ്രത്യേക വിഭാഗം റവന്യൂ ആസ്ഥാനത്ത് പുനഃസംഘടിപ്പിച്ചിട്ടുമില്ല. കേസ് നടത്തിപ്പിൽ ഏകോപനവുമില്ല.

മൂന്ന് വാദങ്ങളാണ് സർക്കാർ കോടതി മുമ്പാകെ വെക്കുന്നത്. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയതോടെ അതിനു മുമ്പുള്ള കരാറുകൾ അസാധുവാകുമെന്നും അതുകൊണ്ടുതന്നെ പാട്ടഭൂമി തിരികെ സർക്കാരിൽ നിക്ഷിപ്തമാകുമെന്നുമാണ് ഒന്ന്. ഫെറ നിയമത്തിന്റെ ലംഘനം ഹാരിസൺ നടത്തി എന്നതാണ് മറ്റൊന്ന്. പാട്ടക്കരാർ ലംഘിച്ച് ഹാരിസൺ നടത്തിയ വിൽപ്പനയും മറ്റ് ചട്ടലംഘനങ്ങളുമാണ് മൂന്നാമത്തേത്.

കേസ് ഇതുവരെ

* 2013 ഏപ്രിൽ 25-ന് 1957-ലെ കേരള ഭൂസംരക്ഷണനിയമത്തിന്റെ അടിസ്ഥാനത്തിൽ ഹാരിസണിന്റെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കാൻ ഡോ. എം.ജി.രാജമാണിക്യത്തെ നിയോഗിച്ചു.

* 2014 ഡിസംബർ ഒന്നിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കമ്പനി കൈവശംവെച്ചിരിക്കുന്ന 29,185 ഏക്കർ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകണമെന്നും ഭൂമി സർക്കാർ ഏറ്റെടുക്കുകയാണെന്നും കാണിച്ച് രാജമാണിക്യം ഉത്തരവിറക്കി. ചെറുവള്ളിയും ഇതിൽ വരും.

* സ്പെഷ്യൽ ഓഫീസറുടെ നിയമനത്തിനെതിരേ ഹാരിസൺ കോടതിയിൽ പോയി. കമ്മിഷൻ നടപടിക്കെതിരേ ചെറുവള്ളി ഭൂമി വാങ്ങിയ ബിലീവേഴ്സ് ചർച്ചും ഹൈക്കോടതിയെ സമീപിച്ചു.

* 2015-ൽ ഏറ്റെടുക്കൽ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതിന് സിവിൽ നിയമപ്രകാരം മാത്രമേ പറ്റൂ എന്ന് കോടതി പിന്നീട് കണ്ടെത്തി.

*സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. അവിടെയും സർക്കാരിന് തിരിച്ചടി. സിവിൽ കോടതിയെ സമീപിക്കാം എന്ന് നിർദേശം.

* 2017 ജനുവരിയിൽ ശബരിമല വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. സർക്കാർ നിയോഗിച്ച സമിതി ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്ന് കണ്ടെത്തി. ഇതോടെ നിയമപ്രശ്നം കടമ്പയായി.

* 2019-ൽ ചെറുവള്ളി ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ പാലാ സിവിൽ കോടതിയിൽ കളക്ടർ ഹർജി നൽകി. ഒപ്പം മറ്റ് ജില്ലകളിലും അവകാശം സ്ഥാപിക്കാൻ സിവിൽ കേസ് നൽകി.