കൊല്ലം : കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണാനും കൃഷിഭവനുകളുടെ പ്രവർത്തനം ആധുനികീകരിക്കാനും കൃഷിവകുപ്പിൽ പ്രൊഫഷണലുകളുടെ കൂട്ടായ്മവരുന്നു. കാർഷികമേഖലയിലെ സാധ്യതകൾ വിദ്യാർഥികൾക്കും യുവാക്കൾക്കും പരിചയപ്പെടുത്തിയും പരിശീലനംനൽകിയുമാണ് കൂട്ടായ്മകൾ രൂപവത്കരിക്കുന്നത്.

വി.എച്ച്.എസ്.സി. അവസാനവർഷവിദ്യാർഥികൾ, കൃഷിയിലും ജൈവകൃഷിയിലും വി.എച്ച്.എസ്.സി. സർട്ടിഫിക്കറ്റ് ഉള്ളവർ, ബി.എസ്‌സി. അഗ്രിക്കൾച്ചർ കഴിഞ്ഞവർ എന്നിവരെ ഉൾപ്പെടുത്തി കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ഉടൻ തുടങ്ങും. ഉദ്യോഗാർഥികൾക്ക് കൃഷിഭവനുകളിൽ, കാർഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും. കൃഷിഭവന്റെ പ്രവർത്തനം, ഓഫീസ് കാര്യങ്ങൾ, കർഷകരുമായി ഇടപെടേണ്ടരീതി എന്നിവയിലാണ് പ്രാരംഭപരിശീലനം. അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് കർഷകരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും വിദ്യാർഥികളുടെ സഹായം പ്രയോജനപ്പെടുത്തും. കൃഷിഭവനുകൾവഴി നടപ്പാക്കുന്ന പദ്ധതികൾ ഇവർ കർഷകരെ അറിയിക്കും.

മികച്ചരീതിയിൽ കൃഷിചെയ്യുന്നവരുടെ കൃഷിയിടങ്ങൾ പരിശീലനത്തിന് എത്തുന്നവർ സന്ദർശിക്കും. കൃഷിരീതികൾ, കീടനിയന്ത്രണമാർഗങ്ങൾ, നാട്ടറിവുകൾ, വിളവർധനയ്ക്ക് സ്വീകരിക്കുന്ന ഉപായങ്ങൾ എന്നിവയെപ്പറ്റി മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കും. ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സാധ്യതകൾ, പ്രയാസങ്ങൾ എന്നിവയെപ്പറ്റിയും പഠനംനടത്തും. ഓരോ പ്രദേശത്തെയും ദിവസച്ചന്തകൾ, ആഴ്ചച്ചന്തകൾ എന്നിവയെക്കുറിച്ച്‌ പഠിക്കും. പ്രവർത്തനംനിലച്ച ചന്തകൾ, ചന്തകളിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയും കണ്ടെത്തും.

ഓരോ പഞ്ചായത്തിലെയും കാർഷികമേഖലയുടെ വിവരങ്ങളും ക്രോഡീകരിക്കും. വയലുകൾ, കുളങ്ങൾ മറ്റ് കൃഷിയിടങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുത്തി കാർഷികഭൂപടം തയ്യാറാക്കും. കാർഷികമേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ഇത് കൃഷിവകുപ്പിന് സഹായകമാകും. പല പഞ്ചായത്തുകളിലെയും കാർഷികസ്ഥിതിവിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഇതിന് പരിഹാരമുണ്ടാക്കാനാണ് ശ്രമം.

വിളകളിൽനിന്ന് കർഷകരുണ്ടാക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളും പഠനവിധേയമാക്കും. പരിശീലനത്തിന് എത്തുന്നവർക്ക് ആറുമാസംകൊണ്ട് കൃഷിയെപ്പറ്റി സമഗ്രമായ അവബോധം നൽകാനാണ് ഉദ്ദേശിക്കുന്നത്.

കൃഷി ഓഫീസിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ്‌ മറ്റൊരു ലക്ഷ്യം. കാർഷികവികസനപ്രവർത്തനങ്ങൾ, നടീൽ വസ്തുക്കളുടെ വിതരണം, കൃഷിക്ക്‌ സഹായകമായ യന്ത്രസാമഗ്രികൾ പരിചയപ്പെടുത്തൽ എന്നിവയിൽ പ്രായോഗികപരിശീലനവും നൽകുന്നുണ്ട്‌.