കണ്ണൂർ: ജോണീസ് ഡിസീസ് ബാധിച്ച ആടുകളെ കൊല്ലരുതെന്നും രോഗബാധയ്ക്കെതിരെ വാക്സിൻ ഫലപ്രദമാണെന്നും ചൂണ്ടിക്കാട്ടി ഈ വാക്സിൻ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ’സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ ഗോട്ട്സി’ലെ ശാസ്ത്രജ്ഞൻ ഡോ. ഷൂർവീർ സിങ്‌ കേരള ഗവർണർക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. സംസ്ഥാനത്തിന് താത്‌പര്യമുണ്ടെങ്കിൽ വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനുള്ള സാങ്കേതിക സഹായം നൽകാമെന്നും കത്തിൽ ഉറപ്പുനൽകുന്നുണ്ട്.

2008 മുതൽ 2014 വരെ ജോണീസ് രോഗ (പാര ട്യൂബർക്യുലോസിസ്) ത്തിനെതിരെയുള്ള വാക്സിൻ നിർമിക്കുന്നതിന് കരാറുണ്ടാക്കിയിരുന്ന ഡൽഹിയിലെ സ്വകാര്യ കമ്പനിയായ ’ബയോവെറ്റി’ൽ ഇപ്പോൾ കോവിഡ് വാക്സിൻ ഉത്‌പാദിപ്പിക്കുന്നതിനാൽ ഈ വാക്സിന്റെ ഉത്‌പാദനത്തിനുള്ള ലാബുകൾ വികസിപ്പിക്കണം. ജോണീസ് രോഗബാധയ്ക്കെതിരെ അമേരിക്ക, കാനഡ, ന്യൂസീലൻഡ്, ബ്രിട്ടൻ തുടങ്ങിയ നിരവധി വികസിതരാജ്യങ്ങൾ വാക്സിൻ വിജയകരമായി പ്രയോഗിക്കുന്നു. രോഗം മാറാനും വരാതിരിക്കാനും വാക്സിൻ ഫലം ചെയ്യും- കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഫാമിലെ രോഗം ബാധിച്ച ആടുകളെ കൊന്ന കാര്യവും കൊല്ലാനുള്ള തീരുമാനവും കേരളത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ചില സുഹൃത്തുക്കളാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്നും ഇതുസംബന്ധിച്ച് ’മാതൃഭൂമി’ പത്രത്തിൽ വന്ന വാർത്തകൾ അയച്ചുകിട്ടിയപ്പോൾ ഒരു മലയാളി സുഹൃത്താണ് പരിഭാഷപ്പെടുത്തിത്തന്നതെന്നും ഡോ. ഷൂർവീർ സിങ്‌ ’മാതൃഭൂമി’യോട് പറഞ്ഞു.