കണ്ണൂർ : വിപണിയിലെ കോഴിയിറച്ചിവില നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ സംരംഭമായ കേരള ചിക്കൻ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നു. ‘റിബിൽഡ് കേരള’യിൽപ്പെടുത്തിയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. വിപണിയിൽ കൃത്രിമക്ഷാമം സൃഷ്ടിക്കുന്ന തമിഴ്നാട് ലോബിയാണ് കോഴിയിറച്ചിവിലയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. ഉത്സവ സീസണുകളിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് കോഴിയിറച്ചിവില കൂട്ടുന്നതാണ് ഇവരുടെ തന്ത്രം. ബക്രീദ് അടുത്തപ്പോൾ ഒരാഴ്ചകൊണ്ട് ഇറച്ചിവില 130-ൽനിന്ന്‌ 250 രൂപയിലേക്ക് ഉയർന്നു. അതേസമയം കേരള ചിക്കന്റെ നോഡൽ ഏജൻസിയായ ‘ബ്രഹ്മഗിരി’യുടെ കേരള ചിക്കൻ ഔട്ട്‌ലറ്റുകളിൽ വില 190 രൂപയാണ്. കോഴിക്ക് 106 മുതൽ 120 രൂപവരെയും ഇറച്ചിക്ക് 170 മുതൽ 190 രൂപവരെയും അടിസ്ഥാനവിലയായി നിശ്ചയിക്കുകയും ചെയ്തു.

ഉത്പാദന-വിതരണ-വില്പന മേഖലയിലെ ഇടനിലക്കാരെ മാറ്റിനിർത്തി കർഷകർക്കും ചെറുകിട വ്യാപാരികൾക്കും വരുമാനം ഉറപ്പുവരുത്തുകയാണ് കേരള ചിക്കൻ പദ്ധതി ലക്ഷ്യമിടുന്നത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി ഏഴ് ഔട്ട്‌ലറ്റുകളും കാസർകോടുമുതൽ പാലക്കാട്‌ വരെയുള്ള ജില്ലകളിൽ 64 ഇറച്ചിവില്പന കേന്ദ്രങ്ങളുമുണ്ട്.

കോഴിക്കുഞ്ഞ് ഉത്പാദനത്തിൽ അട്ടപ്പാടിയിൽ കുടുംബശ്രീയുമായി ചേർന്ന് 14.5 കോടി രൂപ ചെലവിൽ മെഗാ വാങ്കൊബ് ബ്രീഡർ ഫാം പദ്ധതി ഈ മാസം തുടങ്ങും. ഈ നിലയിൽ കുഞ്ഞും ഫീഡും ഉത്‌പാദിപ്പിച്ച് പദ്ധതിയിലെ എല്ലാ നോഡൽ ഏജൻസികൾക്കും വിതരണം നടത്താനാണ് ബ്രഹ്മഗിരി പദ്ധതിയിട്ടിട്ടുള്ളത്.