ഇരിട്ടി: മാക്കൂട്ടം-ചുരം അന്തസ്സംസ്ഥാനപാതയിൽ കർണാടക സ്ലീപ്പർ കോച്ച് ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. യാത്രക്കാരായ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ബെംഗളൂരു മല്ലേശ്വരം സ്വദേശി സ്വാമി (42) ആണ് മരിച്ചത്. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് ചുരംപാതയിൽ മെതിയടി പാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. പെരുമ്പാടി ചെക്പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി ക്ഷേത്രത്തിനടുത്തുവെച്ച് ബസിന്റെ നിയന്ത്രണം വിട്ടു. ഏറെ വളവും തിരിവും കൊക്കയുമുള്ള പ്രദേശമായതിനാൽ അപകടം ഒഴിവാക്കാൻ ഡ്രൈവർ ബസ് മരത്തിലിടിച്ച് നിർത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു. പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.

ബസിനും മരത്തിനും ഇടയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെളിച്ചമോ മൊബൈൽ നെറ്റ്‌വർക്കോ ഇല്ലാത്ത പ്രദേശമായിരുന്നു. അപകടത്തിനിടയിൽ ബസിന്റെ വാതിൽ ലോക്കായിപോയിരുന്നു. അപകടത്തിനുശേഷം പിന്നാലെ എത്തിയ വാഹനങ്ങളിലുള്ളവരാണ് അപകട വിവരം പുറത്തറിയിച്ചത്. ബസിന്റെ അരിക് ഗ്ലാസ് പൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രിയിലും വീരാജ്‌പേട്ട താലൂക്ക് അസ്പത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവറെ ഇരിട്ടിയിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തി ഒരുമണിക്കൂറിനുശേഷമാണ് പുറത്തെടുത്തത്. ഉടനെ വീരാജ്‌പേട്ട താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. സാരമായി പരിക്കേറ്റ കണ്ടക്ടർ പ്രകാശ് വീരാജ്‌പേട്ട താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലാണ്. ബസിൽ ജീവനക്കാരടക്കം 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഏറെക്കാലത്തിനുശേഷം ഒരാഴ്ച മുൻപാണ് ചുരം റൂട്ടിൽ ബസ് സർവീസ് പുനരാരംഭിച്ചത് .