കൊച്ചി: ആന്ധ്രയിൽനിന്ന് തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിച്ച 327.87 കിലോ കഞ്ചാവ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) പിടിച്ചെടുത്തു. മിനി ലോറിയിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് തമിഴ്‌നാട് ഉതുക്കോട്ടൈയിൽനിന്ന് പിടിച്ചത്. സംഭവത്തിൽ കളിയിക്കാവിള സ്വദേശി എം. ശ്രീനാഥ്, വാഹനത്തിന്റെ ഡ്രൈവറും ചെന്നൈ സ്വദേശിയുമായ ദുഭാഷ് ശങ്കർ എന്നിവരെ അറസ്റ്റ് ചെയ്തു.

എൻ.സി.ബി. ചെന്നൈ സോണൽ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണിത് പിടിച്ചത്. ആദ്യം പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്താനായില്ല. ചരക്ക് വെക്കുന്ന ഭാഗം കാലിയായിരുന്നു. ഉദ്യോഗസ്ഥർ വിശദമായി നടത്തിയ പരിശോധനയിലാണ് രഹസ്യ അറ കണ്ടെത്തിയത്. ഇതിൽ 150 പായ്ക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ മാറ്റം വരുത്തിയാണ് ഈ അറ ഉണ്ടാക്കിയിരുന്നത്.

ആന്ധ്രപ്രദേശിലെ അന്നവരത്ത് നിന്നാണ് കഞ്ചാവ് കയറ്റിയതെന്ന് ദുഭാഷ് ശങ്കർ ചോദ്യം ചെയ്യലിൽ പറഞ്ഞു. ശങ്കറിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി. കൊച്ചി സബ് സോണൽ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തു നിന്ന് ശ്രീനാഥിനെ പിടികൂടി. തനിക്കായി കടത്തിക്കൊണ്ടുവന്നതായിരുന്നു കഞ്ചാവ് എന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

നാലു വർഷമായി ശ്രീനാഥ് വിഴിഞ്ഞത് കഞ്ചാവ് വ്യാപാരം നടത്തിവരികയായിരുന്നുവെന്ന് എൻ.സി.ബി. അധികൃതർ പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ എൻ.സി.ബി. ചെന്നൈ സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്.