ആലപ്പുഴ: സി.പി.എം. നിയന്ത്രണ ഭരണസമിതിയുള്ള നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾക്കായി ലഭിച്ച പണം തിരിമറി ചെയ്തെന്ന ആരോപണത്തിലെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സി.പി.എമ്മിനു തലവേദനയായി.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ എന്നിവർ അംഗങ്ങളായുള്ള കമ്മിഷന്റെ റിപ്പോർട്ടാണു കഴിഞ്ഞദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അവതരിപ്പിച്ചത്.

ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവൻ, ചാരുംമൂട് ഏരിയ മുൻ സെക്രട്ടറിയും സ്‌കൂൾ മാനേജരുമായ കെ. മനോഹരൻ, ഏരിയ കമ്മിറ്റിയംഗം ജി. രഘു എന്നിവരോട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ പാർട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതു ലഭിക്കുന്ന മുറയ്ക്കാകും തുടർനടപടി.

ഒന്നരക്കോടിയിലധികം രൂപയുടെ തിരിമറിയാണു സംശയിക്കുന്നത്. നിയമനങ്ങൾക്കായി വാങ്ങുന്ന തുക സ്‌കൂളിന്റെ വികസനത്തിനായി ചെലവഴിക്കാതെ തിരിമറി നടത്തിയതായാണ് ആരോപണം.

2001 മുതൽ കെ. രാഘവനു താത്പര്യമുള്ള മാനേജർമാരാണുള്ളതെന്നും വാങ്ങുന്ന തുകയ്ക്ക് ആനുപാതികമായി സ്‌കൂളിൽ വികസനമില്ലെന്നും പാർട്ടി നേതൃഘടകങ്ങളുമായി ആലോചിക്കാതെയാണു നിയമനം നടത്തുന്നതെന്നുമുള്ള പരാതി നേരത്തെയുണ്ട്.

2001-നുശേഷം 16 വർഷം കഴിഞ്ഞ് 2017-ലാണു ഭരണസമിതി തിരഞ്ഞെടുപ്പു നടന്നത്. സ്‌കൂൾമാനേജരായിരുന്ന എം. ശശികുമാർ അന്തരിച്ചതിനെത്തുടർന്നാണ് കെ. മനോഹരൻ മാനേജരായത്. 2019-2020 കാലഘട്ടത്തിൽ അഞ്ചു നിയമനങ്ങൾ നടന്നതായി പറയുന്നു. ഇതിനായി ലക്ഷങ്ങളാണു വാങ്ങിയത്. മറ്റ് എയ്ഡഡ് സ്കൂളുകളിൽ വാങ്ങുന്നതിനെക്കാൾ വളരെക്കുറഞ്ഞ തുകയാണു നിശ്ചയിച്ചിരുന്നതെന്നു പറയുന്നു. എന്നാൽ, ഇതിനെക്കാൾ കൂടുതൽ വാങ്ങിയെന്നും അത്‌ സ്കൂളിന്റെ അക്കൗണ്ടിലേക്കു വന്നില്ലെന്നുമാണ് ആക്ഷേപം.

സ്കൂളിൽ വികസനപ്രവർത്തനം നടത്തിയെന്നു പറയുന്നുണ്ടെങ്കിലും ഇതിന് ക്വട്ടേഷൻ ക്ഷണിക്കുകയോ നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്തില്ലെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് അന്വേഷണം നടത്താൻ പാർട്ടി തന്നെ തീരുമാനിക്കുകയായിരുന്നു.

ജില്ലയിൽ ജി. സുധാകരനെ അനുകൂലിക്കുന്നവരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പെട്ടെന്നു ചർച്ചയ്ക്ക് എടുത്തതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

അന്വേഷണം നടത്താൻ 2019 ഡിസംബറിൽത്തന്നെ തീരുമാനിച്ചതാണെന്നും കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ്‌ റിപ്പോർട്ട്‌ വൈകിയതെന്നുമാണ് എതിർവാദം.