തൃശ്ശൂർ: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് സ്വന്തമായി ഇൗടില്ലാതെ കോടികൾ വായ്പ നൽകാമെന്ന വാഗ്ദാനവുമായി രണ്ട് ഡയറക്ടർമാർ വിദേശത്തുമെത്തി. ഇൗ രണ്ട് ഡയറക്ടർമാരും ചേർന്ന് മൂന്നാറിൽ റിേസാർട്ട് നടത്തുന്നുണ്ട്. ഇൗ റിസോർട്ടിന്റെ വ്യാജ ഇൗടിൽ അഞ്ച് കോടിയോളം രൂപ വായ്പ നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. കിട്ടുന്ന വായ്പയുടെ 20 ശതമാനം റിസോർട്ട് പദ്ധതിയിലേക്ക് നിക്ഷേപിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.

ഇത്തരത്തിൽ നാല് കോടി വായ്പയെടുത്ത വ്യക്തിയോടൊപ്പമായിരുന്നു ഡയറക്ടർമാരുടെ വിദേശപര്യടനം. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കോടികൾ സമ്പാദിച്ച് ഇതുവരെ തിരിച്ചടയ്ക്കാത്ത കാര്യവും ഇൗ വ്യക്തിെയക്കൊണ്ട് ഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. ബാങ്കിൽ നിന്ന് ഇൗടില്ലാതെയും തട്ടിപ്പിലൂടെയും കോടികൾ വായ്പ നൽകിയതിന്റെ രേഖകളും ഇൗ ഡയറക്ടർമാർ കൈവശം വെച്ചിരുന്നു.

അറബ് രാജ്യങ്ങളിലായിരുന്നു ഇവരുടെ ഒരു മാസത്തോളമുള്ള പര്യടനം. 2019 ജൂലായിലാണ് ഇവർ ദുബായിലെത്തിയത്. അവിടെ തൃശ്ശൂരിൽ നിന്നുള്ള പ്രമുഖരെയാണ് സന്ദർശിച്ചത്. ഇവരുടെ വാഗ്ദാനങ്ങളനുസരിച്ച് ചിലർ വായ്പ തരപ്പെടുത്തിയതായും വിവരമുണ്ട്.

2014 മുതലാണ് ബാങ്കിൽ വായ്പയുടെ മറവിൽ തട്ടിപ്പ് നടന്നത്. സഹകരണ ഓഡിറ്ററുടെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിന് വായ്പ നൽകാൻ കഴിയുന്ന ദൂരപരിധിക്കപ്പുറമുള്ള വസ്തുക്കൾ ഈടുവെച്ച് വായ്പ എടുത്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിൽ പ്രവാസി മലയാളികളുടെ വസ്തുക്കളുമുണ്ട്. ഒരേ വസ്തുവിന്മേൽ ഒന്നിലേറെ വായ്പ എടുത്തതായും കണ്ടെത്തി. ഇവയിൽ മൂന്നാറിലെ റിസോർട്ട് ഉണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്.