തൃശ്ശൂർ: ബി.എസ്.എൻ.എൽ. നിലവിൽ വന്നശേഷം ജെ.ടി.ഒ.മാർക്ക് (ജൂനിയർ ടെലികോം ഓഫീസർ) സീനിയോറിറ്റി പ്രകാരമുള്ള സ്ഥാനക്കയറ്റം നടപ്പാക്കി. രാജ്യത്ത് മൊത്തം 3600 ജെ.ടി.ഒ.മാരാണ് എസ്.ഡി.ഇ. (സബ്ഡിവിഷണൽ എൻജിനീയർ) എന്ന തസ്തികയിലേക്ക് എത്തുന്നത്. 2000-ത്തിലാണ് ബി.എസ്.എൻ.എൽ. നിലവിൽ വന്നത്. 2001-ൽ ജോലിക്ക് കയറിയ ജെ.ടി.ഒ.മാരടക്കം 2010 വരെ ബാച്ചിലുള്ളവർക്കാണ് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നത്. കേരളത്തിൽ മുന്നൂറോളം പേരാണുള്ളത്.

കമ്പനി നിലവിൽ വന്നശേഷം മൂന്ന് തവണ പരീക്ഷയിലൂടെ ജെ.ടി.ഒ.മാർക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. അതിൽ ഉൾപ്പെടാതെപോയ 2010 ബാച്ച് വരെയുള്ളവർക്കാണ് ഇപ്പോൾ അനുകൂല തീരുമാനമുണ്ടായിരിക്കുന്നത്.

സീനിയോറിറ്റി പ്രകാരമുള്ള സ്ഥാനക്കയറ്റത്തിന് എതിരായി നിന്നത് കോടതികളിലുണ്ടായിരുന്ന കേസുകളാണ്.

സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്ന ജെ.ടി.ഒ.മാരെ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെയാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ ഇവരുടെ ചുമതലകളും അധികാരപരിധിയും വ്യാപിപ്പിക്കും. സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ശമ്പളത്തിൽ കാര്യമായ വ്യത്യാസമുണ്ടാവുകയില്ല. കാരണം ഇവർക്ക് ഗ്രേഡുകൾ കിട്ടിക്കൊണ്ടിരുന്നതാണ്.

വി.ആർ.എസിലൂടെ ബി.എസ്.എൻ.എലിലെ 50 ശതമാനം ജീവനക്കാരും പുറത്തുപോയപ്പോളുണ്ടായ പ്രതിസന്ധി പരിഹരിക്കാനും ഇപ്പോഴത്തെ സ്ഥാനക്കയറ്റം ഉപകരിക്കുമെന്നാണ് കമ്പനിയുടെ നിരീക്ഷണം.

ബി.എസ്.എൻ.എലിൽ തന്നെയുള്ള ഇലക്‌ട്രിക്കൽ, സിവിൽ, ആർക്കിടെക്ചറൽ വിഭാഗങ്ങളിലുള്ള ജെ.ടി.ഒ.മാർ ഇപ്പോഴും സ്ഥാനക്കയറ്റം കിട്ടാതെ നിൽക്കുന്നുണ്ട്. കമ്പനി നിലവിൽവരുന്നതിന് മുമ്പുള്ളവരും ഇക്കൂട്ടത്തിലുണ്ട്.