തിരുവനന്തപുരം: വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ച് രണ്ടുകോടി രൂപ തട്ടിയ സംഭവത്തിൽ അച്ചടക്ക നടപടി താക്കീതിലൊതുക്കി. ട്രഷറി ഡയറക്ടർ എ.എം. ജാഫർ, ടി.എസ്.ബി. ചീഫ് കോ-ഓർഡിനേറ്റർ രഘുനാഥൻ ഉണ്ണിത്താൻ, ടി.എസ്.ബി. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കെ. മോഹൻപ്രകാശ്, ജില്ലാ കോ-ഓർഡിനേറ്റർ എസ്.എസ്. മണി, സബ് ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എസ്.ജെ. രാജ്‌മോഹൻ എന്നിവർക്കെതിരേയാണ് നടപടി. ഇവരുടെ വാദങ്ങൾ കേട്ടശേഷമാണ് സർക്കാർ ശിക്ഷാനടപടി അവസാനിപ്പിച്ചത്.

ഓഗസ്റ്റിലാണ് വഞ്ചിയൂർ ട്രഷറിയിൽ തട്ടിപ്പ് നടന്നത്. വിരമിച്ച ട്രഷറി ഓഫീസർ ഭാസ്കരന്റെ പാസ്‌വേഡ് ഉപയോഗിച്ച് സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാൽ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽനിന്നുള്ള പണം തട്ടിയെടുക്കുകയായിരുന്നു. തുക തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയശേഷം പണം പിൻവലിക്കുകയായിരുന്നു. പണം പൂർണമായും പിൻവലിക്കുന്നതിനുമുമ്പേ തട്ടിപ്പ് തിരിച്ചറിയുകയും ഇടപാട് മരവിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ ബിജുലാലിനെ ട്രഷറിയിൽനിന്നു പിരിച്ചുവിട്ടു.

ക്രമക്കേടിനിടയാക്കിയത് ട്രഷറി സോഫ്റ്റ്‌വേറിലെ പാകപ്പിഴയാണെന്ന് ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.