തൃശ്ശൂർ: 16 ഇനം പച്ചക്കറികൾക്ക് സർക്കാർ താങ്ങുവില നിശ്ചയിച്ചെങ്കിലും ഭൂരിഭാഗം കർഷകർക്കും ആനുകൂല്യം ലഭിച്ചുതുടങ്ങിയില്ല. 60,000-ത്തിൽ താഴെ കർഷകർ മാത്രമേ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇതിൽ 29,500 പേർ നേന്ത്രവാഴക്കർഷകരാണ്.
പദ്ധതിപ്രകാരം ഏറ്റവും കൂടുതൽ സംഭരിച്ചത് നേന്ത്രക്കായയാണ് -3377 ടൺ. നേന്ത്രവാഴക്കർഷകർ ഏറ്റവും കൂടുതലുള്ള വയനാട്ടിലെ കായയ്ക്ക് കിലോയ്ക്ക് 24 രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് വളരെ കുറവാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റിടങ്ങളിൽ അടിസ്ഥാനവില 30 രൂപയാണ്. വയനാട് പോലെയുള്ള ജില്ലകളിൽ സംഭരണകേന്ദ്രങ്ങളുടെ കുറവും കർഷകർക്ക് പ്രശ്നമാകുന്നുണ്ട്. ഹോർട്ടികോർപ്പിന് സുൽത്താൻബത്തേരിയിലുള്ള ഒരു കേന്ദ്രത്തിൽ മാത്രമേ നിലവിൽ സംഭരണം നടക്കുന്നുള്ളൂ. വി.എഫ്.പി.സി.കെ.യുടെ സംഭരണ കേന്ദ്രങ്ങളും കുറവാണ്. അതിനാൽ നാമമാത്രമായ കർഷകർക്കേ നേന്ത്രക്കായ അടിസ്ഥാനവില പദ്ധതിപ്രകാരം രജിസ്റ്റർ ചെയ്ത് വിൽക്കാൻ കഴിയുന്നുള്ളൂ. വയനാട്ടിൽ ഇപ്പോഴും നേന്ത്രക്കായയുടെ വിപണി മൊത്തവില മറ്റ് ജില്ലകളെയപേക്ഷിച്ച് വളരെ കുറവാണ്- കിലോയ്ക്ക് 15 രൂപയിലും താഴെ.
െപെനാപ്പിൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന എറണാകുളത്ത് അടിസ്ഥാനവില പ്രകാരം നാലു കേന്ദ്രങ്ങളിലാണ് വി.എഫ്.പി.സി.കെ. സംഭരണം നടത്തുന്നത്. എന്നാൽ ജില്ലാതല സമിതി ചേർന്ന് നിശ്ചയിച്ച അടിസ്ഥാനവിലയായ കിലോയ്ക്ക് 15 രൂപ എന്നത് കർഷകരുടെ അക്കൗണ്ടിലേക്ക് ഇതുവരെ ലഭിച്ചുതുടങ്ങിയിട്ടില്ല.
പടവലം 398 ടൺ മാത്രമാണ് അടിസ്ഥാനവില പ്രകാരം ഇപ്പോൾ സംഭരിച്ചത്. മറ്റ് കാർഷികവിളകളുടെ സംഭരണം ഇതിലും കുറവാണ്. മരച്ചീനി-67 ടൺ, െപെനാപ്പിൾ-72 ടൺ, പയർ-68.74 ടൺ എന്നിങ്ങനെയാണ് സംഭരിക്കാനായത്. പദ്ധതിപ്രകാരം രജിസ്റ്റർ ചെയ്ത കർഷകരുടെ എണ്ണം മരച്ചീനി-7400, പയർ-5010, പടവലം-1721, െപെനാപ്പിൾ-652 എന്നിങ്ങനെയാണ്.
ഭൂരിഭാഗം വരുന്ന പാട്ടക്കർഷകർ പല കാരണങ്ങളാലും അടിസ്ഥാനവിലയുടെ ആനുകൂല്യത്തിന് പുറത്താണ്. കൃഷിചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കി അതത് കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് അനുമതി നൽകിയാൽ മാത്രമേ കർഷകർക്ക് അടിസ്ഥാനവിലയുടെ ആനുകൂല്യം ലഭിക്കൂ. പലവിധ രേഖകളുടെ അഭാവവും രജിസ്ട്രേഷൻ നടപടിക്രമങ്ങളിലെ കാലതാമസവുമെല്ലാം കർഷകർക്ക് ആനുകൂല്യങ്ങൾ െവെകിപ്പിക്കുന്നുണ്ട്. തന്നെയുമല്ല ഉത്പന്നത്തിന്റെ വില കുറഞ്ഞാൽ അടിസ്ഥാനവില ലഭിക്കാൻ ജില്ലാതല സമിതികൾ ചേർന്ന് കൃഷിവകുപ്പ് ഡയറക്ടറേറ്റിലേക്ക് അനുമതിക്കായി നിർദേശം സമർപ്പിക്കണം. ഡയറക്ടറേറ്റിൽ നിന്ന് ജില്ലകളിൽ നിന്നുള്ള ഈ നിർദേശത്തിന് അനുമതി ലഭിച്ചാൽ മാത്രമേ അടിസ്ഥാനവിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിച്ചുതുടങ്ങുകയുള്ളൂ. വി.എഫ്.പി.സി.കെ., ഹോർട്ടികോർപ്പ്, സഹകരണസംഘങ്ങളുടെ വിപണികൾ എന്നിവിടങ്ങളിൽ നൽകിയാൽ മാത്രമേ അടിസ്ഥാനവിലയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.