തിരുവനന്തപുരം: കോവിഡിന്റെ വിവിധ വകഭേദങ്ങൾക്ക് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന് ഫലപ്രദമാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കേരള ഹെൽത്ത് ഓൺലൈൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറസിന്റെ യു.കെ. വകഭേദത്തിന്റെ 187 സാംപിളുകൾ ശേഖരിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ കോവിഡ് വകഭേദത്തിന്റെ പ്രതിരോധമരുന്നിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. രണ്ടു വകഭേദത്തിന്റെയും വൈറസിനെ കൾച്ചർ ചെയ്യുന്ന നടപടികളും രാജ്യത്തെ ലാബുകളിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസിനെ കൾച്ചർചെയ്ത് വേർതിരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്‌സിന്റെ മൂന്നാമത്തെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. 25,800 പേരാണ് പരീക്ഷണത്തിനായി മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 17-ന് ആരംഭിച്ച കേരള ഹെൽത്ത് വെബിനാറിൽ ആരോഗ്യരംഗത്തെ സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചർച്ചനടക്കുന്നത്.