കൊച്ചി: കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനം ചോദ്യംചെയ്ത് നൽകിയ പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഔവർ ഇൻഡിപെൻഡന്റ് ഓർഗനൈസേഷൻ ഓഫ് പീപ്പിൾ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഹർജിക്കാരൻ.

വെള്ളിയാഴ്ച പരിഗണിച്ചയുടനെ ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. ജീവനക്കാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സർക്കാരിന്റെ അധികാരം ശരിവെച്ചുകൊണ്ടാണിത്.

കോവിഡ് കാലത്ത് ഒരുരാജ്യവും ശമ്പളം വർധിപ്പിച്ചില്ലെന്നും കേരളത്തിൽമാത്രമാണ് ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ശന്പളം വർധിപ്പിക്കുന്നതിനു പകരം അസംഘിടത മേഖലയിലെ തൊഴിലാളികളുടെ പ്രതിഫലത്തിന് ആനുപാതികമായി ശമ്പളം കുറയ്ക്കുകയാണു വേണ്ടതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.