തിരുവനന്തപുരം: അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽനിന്ന് കോൺഗ്രസ് നേതാക്കൾ പിന്തിരിയണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി താരിഖ് അൻവർ. തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടർന്ന് ചില നേതാക്കൾ പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പരസ്പരം കുറ്റപ്പെടുത്തുന്നത് പാർട്ടിയെ തളർത്താനും മറുപക്ഷത്തിനു ശക്തിപകരാനുമേ ഉപകരിക്കൂ. പരാതികൾ അറിയിക്കാൻ പാർട്ടി വേദികളിൽ അവസരമൊരുക്കുമെന്നും അവ പരിഹരിക്കാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു.