തിരുവല്ല: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ 97-ാമത് ജനറൽ കൺവെൻഷൻ 2021 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് ഐ.പി.സി. ഹെബ്രോൻപുരത്ത് നടക്കും. സഭാ ജനറൽ പ്രസിഡന്റ് റവ.ഡോ. വൽസൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കും.എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ ഒൻപതുവരെയാണ് യോഗങ്ങൾ. 24-ന് രാവിലെ ഒൻപതുമുതൽ 12വരെ സംയുക്ത ആരാധനയും സമാപനസമ്മേളനവും നടക്കും. മറ്റ് പകൽ യോഗങ്ങളും തിരുവത്താഴ ശുശ്രൂഷയും ഈ വർഷം ഇല്ല. സോദരി സമാജം സമ്മേളനം, ഹിന്ദി സെഷൻ, പി.വൈ.പി.എ. സമ്മേളനം, യൂത്ത് അഡ്വാൻസ് എന്നിവയും നടക്കും.ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ്, ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം.പി.ജോർജുകുട്ടി, ജനറൽ ട്രഷറർ സണ്ണി മുളമൂട്ടിൽ എന്നിവർ നേതൃത്വം നൽകും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് കൺവെൻഷനെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വർഗീസ് മത്തായി അറിയിച്ചു.