കൊച്ചി: നഗരത്തിലെ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ടു യുവാക്കളെയും പോലീസ് തിരിച്ചറിഞ്ഞു. ഇരുവരുടെയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മെട്രോയിലാണ് പ്രതികൾ മാളിലേക്ക് എത്തിയത്. അതിനാൽ എല്ലാ മെട്രോ സ്റ്റേഷനുകളിലേയും സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. ഇതോടൊപ്പം, മെട്രോ കടന്നുപോകുന്ന ഭാഗത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

എറണാകുളം ഭാഗത്തു നിന്ന്‌ ഇവർ മാളിലേക്ക് എത്തിയതായാണ് പോലീസ് കരുതുന്നത്. ശേഷം ഇവർ ഇതേ ഭാഗത്തേക്ക് പോയതാണ് പോലീസിന്റെ നിഗമനം. മാളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് പ്രതികൾ മാസ്ക് ധരിച്ചാണ് മാളിനുള്ളിൽ പ്രവേശിച്ചതെന്ന് കണ്ടെത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം മാളിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ പേരും ഫോൺ നമ്പറും എഴുതി നൽകേണ്ടതുണ്ട്. എന്നാൽ, ഇവർ ഇത് രേഖപ്പെടുത്താൻ കൂട്ടാക്കിയില്ല.

വ്യാഴാഴ്ച വൈകീട്ട് 5.15-ന് മാളിൽ കടന്ന പ്രതികൾ ഹൈപ്പർ മാർക്കറ്റിലാണ് പ്രവേശിച്ചത്. അവിടെ കറങ്ങിനടന്നതല്ലാതെ സാധനങ്ങളൊന്നും വാങ്ങിയില്ല. ശേഷം 8.30-ന് മെട്രോയിൽ മടങ്ങുകയായിരുന്നു. ഇവർ മെട്രോയിൽ നിന്ന് ഇറങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയതായും പോലീസിന് വിവരമുണ്ട്. അവിടെ തീവണ്ടിയില്ല എന്നു കണ്ടതോടെ റോഡ് മാർഗം ഇവിടെനിന്ന് കടന്നതായാണ് കരുതുന്നത്. ഇതിനാൽത്തന്നെ പ്രതികൾ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരാണെന്നാണ് പോലീസ് കരുതുന്നത്.

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിൽ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ചശേഷം പിന്തുടർന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്.

ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പോലീസിന് നിർദേശം നൽകുകയായിരുന്നു. പോലീസിന് പുറമേ വനിതാ കമ്മിഷനും യുവജന കമ്മിഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടിയുടെ മൊഴി ശനിയാഴ്ച എടുക്കാൻ വനിതാ കമ്മിഷൻ തീരുമാനിച്ചിരുന്നെങ്കിലും നടി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്തതിനാൽ മൊഴിയെടുക്കാൻ സാധിച്ചില്ല. ഷൂട്ടിങ് കഴിഞ്ഞ് എത്തിയാൽ നേരിട്ട് കണ്ട് മൊഴിയെടുക്കുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.