പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം ടിപ്പർ ‍ലോറി നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് രണ്ടു പേർ മരിച്ചു. ടിപ്പർ ലോറി ഡ്രൈവർ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം താന്നിക്ക പറമ്പിൽ പരേതനായ രാജനാചാരിയുടെ മകൻ രാജേഷ് (34), കോയമ്പത്തൂരിലേക്ക് മീൻ കയറ്റിക്കൊണ്ടു പോകുന്ന ലോറിയുടെ ഡ്രൈവർ കരൂർ വിരാജ് പേട്ട ഷൺമുഖന്റെ മകൻ കുളന്തവേൽ (48) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട ലോറികൾ നീങ്ങി ലോറികൾക്കിടയിൽ നിൽക്കുകയായിരുന്ന കുളന്ത വേലുവും അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് വാളയാർ പോലീസ് പറഞ്ഞു. വാളയാറിൽ നിന്നും എം.സാന്റ് കൊണ്ടു പോകാനായിരുന്നു ടിപ്പർ ലോറിയെത്തിയത്.

അപകടത്തിൽപ്പെട്ടവരെ വാളയാർ പോലീസും കഞ്ചിക്കോട്ടു നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് എൻഫോഴസ് മെന്റ് ആർ.ടി.ഒ വി.എം.സഹദേവന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ടിപ്പർ ലോറിയുടെ അമിത വേഗം, റോഡിലെ ചെറിയ വളവ്, റോഡിനെക്കുറിച്ചുള്ള പരിചയമില്ലായ്മ,മതിയായ വിശ്രമമില്ലായ്മ തുടങ്ങിയവ അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നിഗമനം.

രാജേഷിൻറെ അമ്മ: പരേതയായ രാധ. ഭാര്യ: സുധി. മകൻ: അദ്വൈത് കൃഷ്ണ. ശവസംസ്കാരം ഞയറാഴ്ച ഒമ്പതിന് വീട്ടു വളപ്പിൽ.