തോപ്പുംപടി: ‘‘ഒരു പ്രാണിയെ കൊല്ലാൻപോലും എനിക്കു പേടിയായിരുന്നു. പക്ഷേ, പിന്നീട് ഞാൻ കോഴിയെ കൊല്ലാൻ പഠിച്ചു, മാട്ടിറച്ചി വെട്ടാൻ പഠിച്ചു. ഇപ്പോ അതെന്റെ പണിയാണ്’’-ഷീബ ഡുറോം പറയുന്നു. തോപ്പുംപടി അന്തി മാർക്കറ്റിലെ ഇറച്ചിവിൽപ്പനക്കാരിയാണ് ഷീബ. ഇപ്പോൾ കൊച്ചി നഗരസഭാംഗവും. തോപ്പുംപടി വാർഡിലെ കൗൺസിലറായെങ്കിലും ശനിയാഴ്ചയും ഷീബ കടയിലെത്തി. വാർഡിലെ സ്വീകരണം കഴിഞ്ഞ് നേരെ എത്തിയത് കടയിലേക്കായിരുന്നു.

‘‘ഇറച്ചിക്കട നിർത്തുന്ന പ്രശ്നമില്ല. പണിയെടുക്കാതെ എങ്ങനെ ജീവിക്കും’’- ഷീബ ചോദിക്കുന്നു. കൗൺസിലർപണി ഒരുവഴിക്കു നടക്കും. ഇറച്ചിക്കച്ചവടം ഇതുപോലെയും തുടരും. ആറുവർഷമായി ഷീബ തോപ്പുംപടിയിൽ ഇറച്ചിവെട്ടുന്നുണ്ട്. കടയിൽ ബീഫ് കൂടാതെ കോഴിയുമുണ്ട്. വൈകുന്നേരം നാലിന് കടയിലെത്തും. രാത്രി പത്തോടെ അടയ്ക്കും.

സ്ത്രീകൾ അധികം കടന്നുചെല്ലാത്ത മേഖലയാണെങ്കിലും ജീവിതം അവിടേക്കാണ് ഷീബയെ എത്തിച്ചത്. ഭർത്താവ് ഡുറോം ഇറച്ചിക്കച്ചവടക്കാരനായിരുന്നു. ആറുവർഷം മുമ്പ് അദ്ദേഹം മരിച്ചു. മൂന്നു മക്കളും അമ്മയുമടങ്ങുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ മറ്റു മാർഗമില്ലാതായതോടെയാണ് ഭർത്താവ് കാണിച്ചുകൊടുത്ത വഴിയേ ഷീബയും നടന്നത്.

കോഴിയെ കൊല്ലുന്നതൊക്കെ നോക്കിനിന്ന് പഠിച്ചു. ആദ്യം കടയിൽ ജോലിക്കാരെ െവച്ചാണ് ഇറച്ചി വെട്ടിയിരുന്നത്. എന്നാൽ, പണിക്കാർ പലപ്പോഴും മുങ്ങും. ‘‘ചിലപ്പോൾ കരഞ്ഞുപോയിട്ടുണ്ട്. ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥ. അതോടെ പണി പഠിക്കാൻ തീരുമാനിച്ചു. ആരെയും ആശ്രയിക്കാതെ ജീവിക്കണം. അതിനാണ് പണി പഠിച്ചെടുത്തത്’’- ഷീബ പറഞ്ഞു.

കച്ചവടത്തിൽനിന്നുള്ള വരുമാനംകൊണ്ട് മക്കളെ പഠിപ്പിച്ചു. ഇളയകുട്ടികൾ ഇപ്പോഴും പഠിക്കുന്നു. ഒരാൾ കാനഡയിലാണ്. സഹകരണ ഡിപ്ലോമ പാസായ ഷീബ മുമ്പ് ഒരു സഹകരണസ്ഥാപനത്തിൽ ജോലിചെയ്തിരുന്നു.

പകൽ പൊതുരംഗത്തായിരിക്കും ഷീബ. നാട്ടുകാരുടെ കേസുകെട്ടുകളുമായാണ് നടപ്പ്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമാണ്. കഴിഞ്ഞതവണ മറ്റൊരു വാർഡിൽനിന്ന് നഗരസഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. ഇത്തവണ സ്വന്തം വാർഡിൽത്തന്നെ സീറ്റുകിട്ടി. നാട്ടുകാർതന്ന അംഗീകാരമാണ് ഇത്തവണത്തെ ജയമെന്ന് ഷീബ പറയുന്നു. നഗരസഭയുടെതന്നെ ചന്തയിലാണ് ഷീബയുടെ കട.