തേഞ്ഞിപ്പലം: നെറ്റിന് മുകളിലൂടെ മികച്ച ഷോട്ടുകളെടുത്തിരുന്ന അന്താരാഷ്ട്ര ബാഡ്മിന്റൺ താരം കെ.പി. ശ്രുതി കോവിഡ് അടച്ചിടൽ കാലത്ത് നെറ്റിനകത്തേക്ക് ഒരു ഷോട്ടെടുക്കാനുള്ള പ്രയത്നത്തിലായിരുന്നു. ആ ഷോട്ട് മിസ്സായില്ല. യു.ജി.സിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഫലം വന്നപ്പോൾ മികച്ച മാർക്കോടെ ശ്രുതിയും പട്ടികയിൽ ഇടംനേടി. കുറച്ച് മാർക്കുകൂടി ഉണ്ടായിരുന്നെങ്കിൽ ജെ.ആർ.എഫ്.കൂടി ലഭിക്കുമായിരുന്നു. ഇനി കളിക്കളമോ അധ്യാപനമോ ഇഷ്ടമുള്ള കോർട്ട് തിരഞ്ഞെടുക്കാം ശ്രുതിക്ക്.

ബിരുദപഠനം എം.ജി. സർവകലാശാലയിലായിരുന്ന ശ്രുതി 2017-ലാണ് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ എം.കോം. പ്രവേശനം നേടിയത്. ക്ലാസുള്ളപ്പോഴെല്ലാം കളിയും പരിശീലനവുമായി ഓടിനടക്കുകയായിരുന്നു കാലിക്കറ്റിന്റെ ദേശീയടീമംഗവും അന്താരാഷ്ട്ര ബാഡ്മിന്റൺ താരവുമായ ശ്രുതി. കളികാരണം നഷ്ടമായ രണ്ടാം സെമസ്റ്ററിലെ ചില പേപ്പറുകൾക്ക് പ്രത്യേക പരീക്ഷാ കാത്തിരിപ്പിലാണ്. ബാഡ്മിന്റൺ അക്കാദമി പരിശീലനവും ഇന്ത്യൻ ക്യാമ്പും ദേശീയ മത്സരങ്ങളും അന്താരാഷ്ട്ര മത്സരങ്ങളുമൊക്കെയായി നിറഞ്ഞുനിൽക്കുമ്പോൾ ക്ലാസ്സിലെ ഹാജർ നിലയും കുറവായിരുന്നു.

സഹപാഠികളുടെയും അധ്യാപകരുടെയും സഹകരണത്തോടെയായിരുന്നു പഠനം. ലോക്ക്ഡൗണിൽ എല്ലാം നിശ്ചലമായ സമയത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോച്ചായ ജെ. കീർത്തന്റെ പ്രേരണയിലാണ് അവസാനദിവസം നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്.

ഇന്ത്യയിലെ ഒന്നാം റാങ്ക് ഡബിൾസ് താരമായിരുന്ന ശ്രുതി 2018, 2019-ൽ രണ്ട് തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2013, 2014-ൽ രണ്ട് തവണ ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2013-2019 കാലയളവിൽ നിരവധി ദേശീയ-അന്തർദേശീയ ജൂനിയർ-സീനിയർ മത്സരങ്ങളിലും അനേകം മെഡലുകൾ കരസ്ഥമാക്കി. നാഷണൽ ഗെയിംസിലും മെഡൽ കരസ്ഥമാക്കിയ താരം സർക്കാർ പ്രഖ്യാപിച്ച ജോലി പ്രതീക്ഷയിലാണ്. ശ്രുതിയുടെ വരവോടെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബാഡ്മിന്റൺ ടീം ദേശീയനിലവാരത്തിൽ മുൻനിരയിലെത്തിയതും 10 വർഷത്തിന് ശേഷം പ്രതാപകാലത്തേക്ക് തിരിച്ചെത്തിയതെന്നും ജെ. കീർത്തൻ സാക്ഷ്യപ്പെടുത്തുന്നു.

കോഴിക്കോട് നടക്കാവ് സ്വദേശിയായ ശ്രുതി എജ്യുക്കേഷൻ വകുപ്പിൽനിന്ന്‌ വിരമിച്ച അനിൽകുമാറിന്റെയും ചാലിയം ഉമ്പിച്ചി ഹാജി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകളാണ്.