കണ്ണൂർ: ദേശീയപാതയിൽ തലശ്ശേരിക്കും കണ്ണൂരിനും മധ്യേ കൊടുവള്ളിമുതൽ നടാൽ റെയിൽവേ ഗേറ്റ്‌വരെയുള്ള റോഡ് നവീകരണം തുടങ്ങി. അത്യാധുനിക കോൾഡ് മില്ലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറിടലാണ് നടക്കുന്നത്. ജർമനിയിൽനിന്ന് ഇറക്കുമതിചെയ്ത യന്ത്രങ്ങളാണ് ഇതിനുപയോഗിക്കുന്നത്. പണി നടക്കുന്നതിനാൽ ജനുവരി രണ്ടുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.

ഇതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ട സമാന്തരപാതകൾ തിരക്കിലമർന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നേരത്തെ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തിൽ മാറ്റംവരുത്തി. ഇനി കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ താഴെചൊവ്വ-ചാല-കാടാച്ചിറ-മമ്മാക്കുന്ന്- മീത്തലെ പീടിക വഴി കടത്തിവിടും.

തലശ്ശേരിയിൽനിന്നുള്ള വാഹനങ്ങൾ കൊടുവള്ളി ജങ്ഷനിൽനിന്ന് പിണറായി-മമ്പറം-ചാല വഴി പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്കുള്ള ബസുകളൊഴികെയുളള ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി വഴി പാനൂർ-കൂത്തുപറമ്പ് -മമ്പറം-ചാല വഴിയും തിരിച്ചുവിടുമെന്ന് ദേശീയപാതവിഭാഗം എക്‌സി. എൻജിനീയർ അറിയിച്ചു.