മംഗലപുരം: ചെമ്പകമംഗലത്ത് വാക്കേറ്റത്തെ തുടർന്നുണ്ടായ അടിപിടിയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു.

ചെമ്പകമംഗലം കാരിക്കുഴി ശ്രീശാസ്തത്തിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ മകൻ വിഷ്ണു(30) ആണ് കുത്തേറ്റു മരിച്ചത്. സുഹൃത്തായ പ്രതി കുറക്കട ദീപാഭവനിൽ വിമലിനെ(38) പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ചെമ്പകമംഗലത്തായിരുന്നു സംഭവം.

മുൻവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒൻപതരയോടെ വിമൽ, വിഷ്ണുവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. സമീപത്തുള്ള നഴ്‌സിങ് ഹോസ്റ്റലിനു സമീപത്തുവച്ച്‌ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു.

കഴുത്തിനേറ്റ മുറിവും നെഞ്ചിൽ കത്തികൊണ്ടുണ്ടായ മുറിവുമാണ്‌ മരണത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന വിമൽ പോലീസ് നിരീക്ഷണത്തിലാണ്.