കൊല്ലം : പിഎച്ച്.ഡി. പ്രബന്ധ മൂല്യനിർണയസമിതിയിൽ ഗൈഡിനെയും വിദേശപ്രതിനിധിയെയും ഉൾപ്പെടുത്താൻ കേരള സർവകലാശാല തീരുമാനിച്ചു. മൂന്നംഗ പാനലാണ് പ്രബന്ധം മൂല്യനിർണയം ചെയ്യുന്നത്. ഗൈഡിന്‌ പുറമേ മറ്റു സർവകലാശാലകളിൽനിന്നുള്ള രണ്ട് വിദഗ്ധർകൂടി ഉൾപ്പെട്ടതാകും സമിതി. ഇതിൽ ഒരാൾ വിദേശിയാകാമെന്നാണ് നിർദേശം. പ്രാദേശികഭാഷകളുടെ കാര്യത്തിൽ വിദേശത്തുള്ള പ്രതിനിധികൾ നിർബന്ധമല്ല. യു.ജി.സി.യുടെ മാർഗനിർദേശങ്ങളനുസരിച്ച് സർവകലാശാലയുടെ അക്കാദമിക് കൗൺസിലാണ് തീരുമാനമെടുത്തത്.

ഗവേഷകവിദ്യാർഥിയുടെ ഗൈഡാണ് 12 വിദഗ്ധരുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ രണ്ടുപേർ വിദേശത്തുനിന്നുള്ളവരായിരിക്കും. ഇതിൽനിന്ന് രണ്ടുപേരെ വൈസ് ചാൻസലർ തിരഞ്ഞെടുക്കും. ഗൈഡ് തയ്യാറാക്കുന്ന പാനൽ വകുപ്പ് അധ്യക്ഷൻ പരിശോധിച്ചശേഷം ഡീനിന്റെ അംഗീകാരത്തോടെവേണം സമർപ്പിക്കേണ്ടത്. ഇതിൽ ആവശ്യമായ ഭേദഗതിവരുത്താനും മേലധികാരികൾക്ക് കഴിയും.

നേരത്തേ ഗൈഡ് സമർപ്പിക്കുന്ന പാനലിൽനിന്ന് മൂന്നുപേരെയാണ് വൈസ് ചാൻസലർ തിരഞ്ഞടുത്തിരുന്നത്. ഇതിൽ ഗൈഡ് ഉൾപ്പെട്ടിരുന്നില്ല. ഇവർ പുറത്തുനിന്നുള്ള സർവകലാശാലകളിൽനിന്നായിരുന്നു. കേരളത്തിൽനിന്ന് ഒരാൾ മാത്രമേ പാടുള്ളൂ. അതത് വിഷയത്തിലെ വിദഗ്ധരെയാണ് ഉൾപ്പെടുത്തുന്നത്. വിദേശ സർവകലാശാലകളിൽനിന്നുള്ള വിദഗ്ധരുടെ സമ്മതം തേടുന്നത് സർവകലാശാലയാണ്. ഇപ്പോൾ പ്രബന്ധം സമർപ്പിച്ചാൽ മൂല്യനിർണയം നടത്തിക്കിട്ടാൻ രണ്ടുമാസംമുതൽ ഒരുവർഷംവരെ എടുക്കും. ഇതിന് സമയം നിശ്ചയിച്ചിട്ടില്ല.

പിഎച്ച്.ഡി. മൂല്യനിർണയത്തിലെ ഈ പരിഷ്കാരം മറ്റ് സർവകലാശാലകൾ സ്വീകരിച്ചിട്ടില്ല. എം.ജി. യൂണിവേഴ്‌സിറ്റിയിൽ മറ്റ് സർവകലാശാലകളിൽനിന്നുള്ള മൂന്നംഗസമിതിയാണുള്ളത്. കാലിക്കറ്റിലും സമിതിയിൽ ഗൈഡ് അംഗമല്ല. വിദേശപ്രതിനിധികൾ നിർബന്ധമല്ല.