തിരുവനന്തപുരം: മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന അഡ്‌ഹോക് സമിതിയെ തള്ളി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് മുന്നോട്ടുപോകാൻ ജനതാദൾ-എസ് വിമതവിഭാഗം തീരുമാനിച്ചു.

ദേശീയാധ്യക്ഷൻ ദേവഗൗഡ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് പ്രമേയവും പാസാക്കി. ദേവഗൗഡയെ നീക്കാൻ പാർട്ടി ദേശീയ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും. തിങ്കളാഴ്ച സംസ്ഥാന നേതൃയോഗം ചേർന്ന് പാർട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെയും മറ്റുഭാരവാഹികളെയും തിരഞ്ഞെടുക്കാനും തീരുമാനിച്ചു. ഇടതുമുന്നണിയോഗത്തിൽ പങ്കെടുക്കുന്ന പാർട്ടിയുടെ നിലവിലെ പ്രതിനിധികളെ മാറ്റാനും ആവശ്യപ്പെടും.

പാർട്ടി ഔദ്യോഗികനേതൃത്വത്തെ ധിക്കരിച്ച് വിളിച്ചുചേർത്ത സംസ്ഥാനകൗൺസിൽ യോഗത്തിലെ തീരുമാനങ്ങളോടെ ജനതാദൾ-എസ് സംസ്ഥാനഘടകത്തിലെ പിളർപ്പ് ഏതാണ്ട് പൂർണമായി. പുതിയ അധ്യക്ഷനെ നിശ്ചയിക്കാനും ഇടതുമുന്നണിനേതൃത്വത്തെ കാണാനുമായി ജോർജ് തോമസ്, മാത്യു ജോൺ, എ. ചന്ദ്രകുമാർ എന്നിവരെ ചുമതലപ്പെടുത്തി.

സി.കെ. നാണു അധ്യക്ഷനും ജോർജ് തോമസ് സെക്രട്ടറി ജനറലുമായി ഉണ്ടായിരുന്ന സംസ്ഥാനഘടകത്തെ പിരിച്ചുവിട്ട് മാത്യു ടി. തോമസിന്റെ നേതൃത്വത്തിൽ പുതിയ അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതോടെയാണ് പാർട്ടിയിൽ വിമതർ തലപൊക്കിയത്. നാണുവിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് അവരുടെ അവകാശവാദം. എന്നാൽ, ശനിയാഴ്ച ചേർന്ന യോഗത്തിൽ നാണു പങ്കെടുത്തില്ല. നിയമസഭയിൽ കൂറുമാറ്റപ്രശ്നമുണ്ടായേക്കുമെന്നതിനാൽ അദ്ദേഹത്തിനു യോഗത്തിൽ സാങ്കേതികമായി പങ്കെടുക്കാനായില്ലെന്ന് ജോർജ് തോമസ് പറഞ്ഞു.

പാർട്ടി കേരളഘടകത്തെ ഏകപക്ഷീയമായി പിരിച്ചുവിട്ട് അഡ്‌ഹോക് സമിതിയെ ചുമതലപ്പെടുത്താനുള്ള തീരുമാനം പാർട്ടി ഭരണഘടനയ്ക്കു വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണ്. കർഷകരുടെ പ്രധാനമന്ത്രിയെന്ന് അവകാശപ്പെട്ടിരുന്ന ദേവഗൗഡ ഡൽഹിയിലെ കർഷകസമരത്തോട് മുഖംതിരിച്ചുനിൽക്കുകയാണ്. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പി.യുമായുമുള്ള ബന്ധം കാരണമാണ്. ഇത് ദേശീയ എക്സിക്യുട്ടീവിന്റെ നിലപാടിനു വിരുദ്ധമാണ്. അതിനാൽ ദേവഗൗഡ അധ്യക്ഷസ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.