തൃശ്ശൂർ: കോർപ്പറേഷൻ മേയർ സ്ഥാനത്തെക്കുറിച്ച് ശനിയാഴ്ചയും തീരുമാനമായില്ല. എൽ.ഡി.എഫിനൊപ്പം നിൽക്കാൻ സന്നദ്ധതയറിയിച്ച കോൺഗ്രസ് വിമതൻ എം.കെ. വർഗീസിനെ മേയറാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ചർച്ച തുടരുകയാണ്. ശനിയാഴ്ച സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിലും ഇതുസംബന്ധിച്ച് തീരുമാനമായില്ല.

ഞായറാഴ്ച എൽ.ഡി.എഫ്. യോഗം ചേരുന്നുണ്ട്. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഡെപ്യൂട്ടി മേയർ തുടങ്ങിയ പദവികളെക്കുറിച്ചുള്ള തീരുമാനമെടുത്ത ശേഷമേ ഈ വിഷയം ചർച്ചചെയ്യൂവെന്ന് അറിയുന്നു.

എം.കെ. വർഗീസിനെ യു.ഡി.എഫിനൊപ്പം ചേർക്കാൻ കോൺഗ്രസ് നേതൃത്വം ശക്തമായ ഇടപെടലുകൾ തുടരുന്നുണ്ട്. ദേശീയ നേതൃത്വംതന്നെ ഇക്കാര്യത്തിൽ ഇടപെട്ടെന്നാണു സൂചന. എന്നാൽ, തന്റെ നിലപാടിൽ മാറ്റമില്ലെന്ന് എം.കെ. വർഗീസ് പറയുന്നു. ആദ്യം സമീപിച്ചത് എൽ.ഡി.എഫായതിനാൽ അവർക്കു നൽകിയ വാക്ക് മാറ്റില്ല. എൽ.ഡി.എഫിന്റെ തീരുമാനത്തിനായി കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.