തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനെ മാറ്റാൻ ലീഗ് ആവശ്യപ്പെട്ടുവെന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ഭാവനയിൽക്കണ്ട ആരോപണം മാത്രമാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

ഒരു ലീഗ് നേതാവും ഇക്കാര്യം ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് എങ്ങനെ ഇതു കിട്ടി. സാമുദായിക ചേരിതിരിവുണ്ടാക്കാൻ തരംപോലെ ‘കാർഡി’റക്കി കളിക്കുകയാണ് മുഖ്യമന്ത്രി. നിലവാരമില്ലാത്ത പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭൂരിപക്ഷ-ന്യൂനപക്ഷ ചേരിതിരിവുണ്ടാക്കാൻ ഭാവനയിൽ സൃഷ്ടിച്ചെടുത്ത ‘കാർഡാ’ണ് കെ.പി.സി.സി. അധ്യക്ഷനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടുവെന്നത്. ലീഗ് ഒരുകാലത്തും മറ്റു കക്ഷികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറില്ല. ലീഗിനു പറയാനുള്ള വേദികളിൽ പറയും.

തിരഞ്ഞെടുപ്പ് സംബന്ധിച്ച് ലീഗ് വിലയിരുത്തിയ കാര്യമാണ് യു.ഡി.എഫിൽ ചർച്ച ചെയ്യുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം ഞങ്ങളും ബി.ജെ.പി.യും മാത്രമേ ഇനി ബാക്കിയുള്ളൂവെന്ന് മുഖ്യമന്ത്രിക്കു തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കണക്ക് തെറ്റിക്കും. അത്തരം ബോധത്തിൽനിന്നാണ് മുഖ്യമന്ത്രി ലീഗിനെ മുൻനിർത്തി കാർഡിറക്കി കളിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നീചമായ സാമുദായിക ധ്രുവീകരണ നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ കാര്യം പരിശോധിക്കാൻ പിണറായി വിജയന്റെ സഹായം ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.