തിരുവനന്തപുരം: വിശ്വാസ് മേത്തയ്ക്കുശേഷം ഡോ. വി.പി. ജോയ് സംസ്ഥാന ചീഫ് സെക്രട്ടറിയായേക്കും. ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തിന്റെ സേവനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിനു കത്തുനൽകി. കേന്ദ്രാനുമതി ലഭിച്ചാൽ അദ്ദേഹം കേരളത്തിലേക്കു മടങ്ങിയേക്കും.

വിശ്വാസ് മേത്ത ഫെബ്രുവരി 28-നു വിരമിക്കും. 1987 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ജോയ്‌ക്ക് 2023 ജൂൺവരെ സർവീസുണ്ട്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയാണ് ഇപ്പോൾ അദ്ദേഹം. നാഷണൽ അതോറിറ്റി ഓൺ കെമിക്കൽ വെപ്പൺസ് കൺവെൻഷന്റെ ചെയർമാൻകൂടിയാണ് ജോയ്‌.

എറണാകുളം ജില്ലാ കളക്ടർ, തൊഴിൽ, വനം, ഗതാഗതം, നികുതി വകുപ്പുകളിൽ സെക്രട്ടറി, വൈദ്യുതിബോർഡ് ചെയർമാൻ തുടങ്ങിയ പദവികൾ സംസ്ഥാനത്തു വഹിച്ചിട്ടുണ്ട്. ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ 2013-ലാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയത്.