തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ വിവരം നൽകാനാവില്ലെന്ന വാദം വിവരാവകാശനിയമപ്രകാരം അംഗീകരിക്കാനാവില്ലെന്ന് മുഖ്യ വിവരാവകാശകമ്മിഷണർ. കേരളത്തിലെ ഫാക്ടറികളിൽ നടക്കുന്ന അപകടമരണങ്ങളും അപകടങ്ങൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും 15 ദിവസത്തിനുള്ളിൽ നൽകാനും കമ്മിഷണർ ഉത്തരവിട്ടു.

ഫാക്ടറിപരിശോധനകളും ഫാക്ടറികൾക്കെതിരേ നിയമനടപടികളും സ്വീകരിക്കുന്ന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഇതുസംബന്ധിച്ച വിവരങ്ങളില്ലെന്ന് വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിലാണ് കമ്മിഷന്റെ ഉത്തരവ്. വിവരാവകാശ പ്രവർത്തകനായ സാബു അലക്സായിരുന്നു അപേക്ഷകൻ.

കേരളത്തിലെ ഫാക്ടറികളിലെ അപകടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനം അറിയേണ്ടതാണെന്നും അതിനാൽ വിവരങ്ങൾ കംപ്യൂട്ടർവത്കരിച്ച്‌ സൂക്ഷിക്കേണ്ട ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിനുണ്ടെന്നും ഉത്തരവിൽപറയുന്നു. പത്തു വർഷത്തിൽ എത്ര അപകടമരണങ്ങൾ നടന്നു, അതിൽ എത്ര പ്രോസിക്യൂഷൻ ശുപാർശകൾ ഫാക്ടറി ഇൻസ്പെക്ടർമാരിൽനിന്ന്‌ ലഭിച്ചു, എത്രകേസുകൾ കോടതികളിൽ ഫയൽ ചെയ്തു, ഫയൽ ചെയ്ത കേസുകൾ എത്രയെണ്ണം പിൻവലിച്ചു തുടങ്ങിയ വിവരങ്ങൾ അപേക്ഷകനെ അറിയിക്കാനും കമ്മിഷൻ ഉത്തരവിട്ടു.

കൂടാതെ, പ്രോസിക്യൂഷൻ ശുപാർശകൾ ലഭിച്ചത് കോടതികളിൽ ഫയൽചെയ്യാതെ വകുപ്പ് ഡയറക്ടർ ഹിയറിങ് നടത്തി ഒഴിവാക്കിയതുസംബന്ധിച്ച വിവരങ്ങളും അപേക്ഷകനു നൽകണം. ഇതുമായി ബന്ധപ്പെട്ട ഫയലുകളിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ വിവരം നൽകാനാവില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.