തിരുവനന്തപുരം: കേരള പോലീസിൽ പുതുതായി വനിതാ ഫുട്‌ബോൾ ടീമിനു രൂപംനൽകും. ഇതോടൊപ്പം ഹോക്കി, ഷൂട്ടിങ് ടീമുകളും രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന കായികതാരങ്ങളെ പോലീസിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. നാലര വർഷത്തിനുള്ളിൽ വിവിധ കായിക ഇനങ്ങളിലായി 137 പേർക്ക് സ്പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകി.

പാസിങ്ഔട്ട് പൂർത്തിയാക്കിയ ബാച്ചിൽപ്പെട്ടവർ ഹരിയാണയിൽ നടന്ന ഓൾ ഇന്ത്യാ പോലീസ് അത്‌ലറ്റിക് മീറ്റിൽ എട്ട് സ്വർണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവും നേടിയിരുന്നു. മെഡൽ നേടിയവർക്ക് ട്രോഫിയും കാഷ് അവാർഡും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സമ്മാനിച്ചു.

57 ഹവിൽദാർമാരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ഇതിൽ 35 പേർ പുരുഷൻമാരും 22 പേർ വനിതകളുമാണ്. മികച്ച ഔട്ട്‌ഡോർ കേഡറ്റായി ആൽബിൻ തോമസ്, മികച്ച ഷൂട്ടറായി വിഘ്നേഷ്, അതുല്യ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ആൽഫി ലൂക്കോസാണ് മികച്ച ഓൾറൗണ്ടറും ഇൻഡോർ കേഡറ്റും. ഇവർക്കും പോലീസ് മേധാവി ട്രോഫികൾ സമ്മാനിച്ചു.

എ.ഡി.ജി.പി.മാരായ ഡോ. ബി. സന്ധ്യ, കെ. പത്മകുമാർ, മനോജ് എബ്രഹാം, പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെ.എൽ. ജോൺകുട്ടി എന്നിവർ പങ്കെടുത്തു.