തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫ്. നേതൃത്വം മുസ്‌ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനും കോൺഗ്രസിനെ ആരു നയിക്കണം എന്നു തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോയെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.

കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നുപോലും കേരളത്തിലെ കോൺഗ്രസിനെക്കൊണ്ട് മതവർഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാൻ ലീഗിനു കഴിഞ്ഞുവെന്നാണ് ലീഗിന്റെയും കോൺഗ്രസിന്റെയും പരസ്യ പ്രസ്താവനകളിൽനിന്നു വ്യക്തമാകുന്നത്. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള വർഗീയ, സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരിൽ ദുർഗന്ധപൂരിതമായ ചർച്ചകളാണ് ആ മുന്നണിയിൽനിന്നു പുറത്തുവരുന്നത്.

സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെൽപ്പില്ലാത്ത തരത്തിൽ കോൺഗ്രസ് ദുർബലപ്പെട്ടു. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാനുള്ള കോൺഗ്രസിന്റെ ലജ്ജയില്ലായ്മയാണ് ഈ സ്ഥിതിക്കു കാരണം. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും കൈവിട്ട യു.ഡി.എഫിൽനിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നാണ് ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളിൽനിന്നു മനസ്സിലാക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.