തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് ഫ്ളെക്സ് ബോർഡുകൾ. കെ.പി.സി.സി. ഓഫീസ്, എം.എൽ.എ. ഹോസ്റ്റൽ, ഡി.സി.സി. ഓഫീസ് എന്നിവിടങ്ങളിലാണ് യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യു.വിന്റെയും പേരിൽ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചത്.

ഇനിയും ഒരു പരീക്ഷണത്തിനു സമയമില്ല, കെ. സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ, കേരളത്തിലെ കോൺഗ്രസിന് ഊർജംപകരാൻ ഊർജസ്വലതയുള്ള നേതാവ് കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റാക്കുക എന്നിങ്ങനെയാണ് ബോർഡിലെ വാചകങ്ങൾ.

തദ്ദേശതിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തെത്തുടർന്നാണ് നേതൃമാറ്റമെന്ന ആവശ്യമുയരുന്നത്. കഴിഞ്ഞദിവസം ജില്ലാ നേതൃത്വത്തിനെതിരായ പോസ്റ്ററുകളും കെ.പി.സി.സി. ഓഫീസിനുമുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വി.എസ്. ശിവകുമാർ, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. കെ. മുരളീധരൻ നേതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഫ്ളെക്സ് ബോർഡുകൾ കഴിഞ്ഞദിവസം കോഴിക്കോട്ടും പ്രത്യക്ഷപ്പെട്ടിരുന്നു.

ബോർഡുകളുമായി യുവജനസംഘടനകൾക്ക്‌ ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീർ ഷാ പറഞ്ഞു.