പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ ബ്ലോക്ക്‌ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടത്തിയ ചടങ്ങിൽ മാർ ജേക്കബ്‌ മുരിക്കൻ, മാർ ജോസഫ്‌ പള്ളിക്കാപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ പാലാ രൂപതാ ബിഷപ്‌ മാർ ജോസഫ്‌ കല്ലറങ്ങാട്ടാണ്‌ പുതിയ ബ്ലോക്കിന്റെ ആശീർവാദകർമം നിർവഹിച്ചത്‌.

130-ഓളം മുറികളുള്ള ബ്ലോക്കിൽ എ.സി., നോൺ എ.സി., ഡീലക്സ്‌ വിഭാഗങ്ങളിൽ മുറികൾ ലഭ്യമാണ്‌. നഴ്‌സസ്‌ കോൾ സിസ്റ്റം, മുറികളിൽ 5 function motorised ബെഡുകൾ, പൊള്ളലുകൾ ഏൽക്കുന്നവർക്കായി ബേൺ ഐ.സി.യു, അവയവ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയകൾക്കായുള്ള ട്രാൻസ്‌പ്ളാന്റ്‌ ഐ.സി.യു. തുടങ്ങിയവയോടുകൂടിയാണ്‌ പുതിയ ബ്ലോക്ക്‌ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്‌. 41-ൽ പരം വിഭാഗങ്ങളും 140-ലധികം ഡോക്‌ടേഴ്‌സും അടങ്ങുന്ന മെഡിസിറ്റിയിൽ 3T MRI, 128 സ്‌ളൈസ്‌ സി.ടി, 24 മണിക്കൂറും പ്രവർത്തനനിരതമായ എമർജൻസി ആൻഡ്‌ റേഡിയോളജി വിഭാഗങ്ങൾ, 11 ഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്‌. അലോപ്പതിക്കൊപ്പം ആയുർവേദ ആൻഡ്‌ ഹോമിയോപ്പതി വിഭാഗങ്ങളും മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവർത്തിക്കുന്നു.

ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ്‌ ഡയറക്ടർ മോൺ എബ്രഹാം കൊല്ലിത്താനത്തുമലയിൽ, ബ്രാൻഡിങ്‌ ആൻഡ്‌ ഹെൽത്ത്‌കെയർ പ്രൊമോഷൻസ്‌ ഡയറക്ടർ ഫാ. ജോർജ്‌ വേളൂപ്പറമ്പിൽ, പ്രൊജക്ട്‌ ഡയറക്ടർ ഫാ. ജോസ്‌ കീരഞ്ചിറ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്‌ എന്നിവർ പ്രസംഗിച്ചു.