കാക്കനാട്: കളമശ്ശേരി മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അച്ഛൻ സനു മോഹനെ ചൊവ്വാഴ്ച കങ്ങരപ്പടിയിലും മുട്ടാർ പുഴയിലും എത്തിച്ച് പോലീസ് തെളിവെടുക്കും. വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലും മകൾ മരിച്ചെന്നു കരുതി കൊണ്ടുപോയിട്ട മുട്ടാർ പുഴയിലും സനുവിനെ എത്തിച്ചാണ്‌ തെളിവെടുപ്പ് നടത്തുക.

കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സനുവിനെ 10 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഞായറാഴ്ച അർധരാത്രി കൊച്ചിയിലെത്തിച്ച സനു മോഹനെ തിങ്കളാഴ്ച ഉച്ചയ്ക്ക് ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോലീസ് കോവിഡ് പരിശോധന നടത്തി. ആന്റിജൻ ഫലം നെഗറ്റീവാണ്. ആർ.ടി.പി.സി.ആർ. ഫലം രണ്ട് ദിവസത്തിനകം ലഭിക്കും.