ആലപ്പുഴ: പോപ്പി അംബ്രല്ലാ മാർട്ട് സ്ഥാപകനും പോപ്പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ ടി.വി. സ്കറിയ (81) അന്തരിച്ചു. പതിന്നാലാം വയസ്സിൽ പിതാവിനോടൊപ്പം സെയ്ന്റ് ജോർജ് കുടക്കമ്പനിയിൽ പ്രവർത്തനം തുടങ്ങിയ അദ്ദേഹം സെയ്ന്റ് ജോർജ് ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്.

1995-ൽ പോപ്പി അംബ്രല്ലാ മാർട്ട് സ്ഥാപിച്ച് കുടവിപണിയിൽ വലിയ മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും തുടക്കമിട്ടു. 1979 മുതൽ ഇന്ത്യൻ സ്റ്റാൻഡേഡ് ഇൻസ്റ്റിറ്റ്യൂഷന്റെ (ഐ.എസ്.ഐ.) കുട ഗുണനിലവാര നിയന്ത്രണക്കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അതേവർഷംതന്നെ കമ്മിറ്റിയുടെ ചെയർമാനായി നിയമിക്കപ്പെടുകയുംചെയ്തു. 2005-ൽ ഓൾ ഇന്ത്യ അംബ്രല്ലാ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

രാജീവ്ഗാന്ധി ക്വാളിറ്റി പുരസ്കാരം, അക്ഷയ പുരസ്കാരം, എ.കെ.സി.സി. ശതാബ്ദി പുരസ്കാരം, 1998-ലെ ദീപിക ബിസിനസ്‌മാൻ ഓഫ് ദ ഇയർ (കേരള) പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: പാലാ പടിഞ്ഞാറേക്കര കുടുംബാംഗം തങ്കമ്മ ബേബി. മക്കൾ: ഡെയ്സി ജേക്കബ്, ലാലി ആന്റോ, ഡേവിസ് തയ്യിൽ (സി.ഇ.ഒ., പോപ്പി അംബ്രല്ലാ മാർട്ട്), ടി.എസ്. ജോസഫ് (പോപ്പി). മരുമക്കൾ: മുൻ ഡി.ജി.പി. ജേക്കബ് തോമസ്, ഡോ. ആന്റോ കള്ളിയത്ത്, സിസി ഡേവിസ്. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ.