തൊടുപുഴ: കമ്പനി ലോ ട്രിബൂണലിനെ തെറ്റിധരിപ്പിച്ച് സമ്പാദിച്ച ഉത്തരവിന്റെ മറവിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ വാർഷിക പൊതുയോഗം നടത്തി അഞ്ചുവർഷക്കാലംകൂടി എസ്.എൻ.ഡി.പി. യോഗത്തെ ഭരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് പറഞ്ഞു. ശ്രീനാരായണ സഹോദര യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയോഗ്യതയുള്ള അഞ്ചുവർഷത്തേക്ക് ഇന്ത്യയുടെ ഒരു കമ്പനിയിലും ഡയറക്ടർ ആകാൻ കഴില്ലെന്നിരിക്കെ എസ്.എൻ.ഡി.പി.യോഗത്തിന്റെ കസേരയിൽ കടിച്ചു തൂങ്ങാൻ ഉള്ള ശ്രമങ്ങൾ പരിഹാസ്യമാണ്.

എസ്.എൻ.ഡി.പി. യോഗത്തിന്റെ ഇരുന്നൂറോളം ഡയറക്ടർമാർ പങ്കെടുക്കേണ്ട ഡയറക്ടർ ബോർഡ്‌ യോഗം കോവിഡ് പ്രോട്ടോകോൾ അവഗണിച്ച് ദ്രുതഗതിയിൽ വിളിച്ചുകൂട്ടി അംഗങ്ങളെ തെറ്റിധരിപ്പിച്ച്‌ യോഗവാർഷികം നടത്തുകയാണ്. കോവിഡ് നിയന്ത്രണ നിർദേശങ്ങൾ ലംഘിച്ച്‌ യോഗം ചേർന്നത് സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ സമിതി കമ്മിഷണർ, കെ.എസ്.ഡി.എം.എ. മെമ്പർ സെക്രട്ടറി, ആലപ്പുഴ എസ്.പി. എന്നിവർക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ രഞ്ജിത്ത് ചിങ്ങോലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മിഥുൻ സാഗർ മുഖ്യപ്രഭാഷണം നടത്തി. ബിജു പുതുവൽ, സജിൻ ദത്ത് തുടങ്ങിയവർ സംസാരിച്ചു.