കലഞ്ഞൂർ: സ്വത്ത് തർക്കത്തെത്തുടർന്ന് യുവതിയെ സഹോദരിയും സഹോദരീഭർത്താവും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. കലഞ്ഞൂർ മാങ്കോട് തിടി രജീന്ദ്രഭവനിൽ അഖിൽ കുറുപ്പിന്റെ ഭാര്യ അൻസൽനയ്ക്കാണ്(24) ഞായറാഴ്ച വൈകീട്ട് അൻസൽനയുടെ വീട്ടിൽവച്ച് വെട്ടേറ്റത്.

എന്നാൽ, സ്വത്ത് ആവശ്യപ്പെട്ട് അൻസൽന അമ്മയുമായി തർക്കമുണ്ടാകുകയും അമ്മയെ മർദിക്കുകയും ചെയ്തതായും ഈ തർക്കത്തിനിടയിലാണ് അൻസൽനയ്ക്ക് പരിക്കേറ്റതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അമ്മ ഷെരീഫയെ കാണുന്നതിനാണ് അൻസൽന മാങ്കോട് തിടിയിൽ തന്നെയുള്ള സ്വന്തം വീട്ടിലേക്ക് എത്തിയത്.

വീടിന് വെളിയിൽ പിറകുവശത്തെ ജനാലയിൽകൂടി അമ്മയുമായി സംസാരിക്കുന്നതിനിടയിൽ വീട്ടിലുണ്ടായിരുന്ന സഹോദരിയും ഭർത്താവും ചേർന്ന് ആദ്യം മോശമായി സംസാരിച്ചുവെന്നും ഇറങ്ങിപ്പോകാൻ പറഞ്ഞതായും അൻസൽന പറയുന്നു. പുറത്തേക്ക് പോകുന്നതിനായി വീടിന്റെ മുമ്പിലേക്ക് നടക്കുന്നതിനിടയിൽ മുൻവശത്തെ കതക് അടച്ചതിനുശേഷം പിന്നിലൂടെ വന്ന് സഹോദരിയും ഭർത്താവും ചേർന്ന് തന്നെ ആക്രമിക്കുകയും തലയിലും പുറത്തും അടിച്ച് ക്ഷതമേൽപ്പിക്കുകയും അരിവാൾ ഉപയോഗിച്ച് കൈവിരലിൽ വെട്ടുകയുമാണ് ഉണ്ടായതെന്ന് അൻസൽന പരാതിയിൽ ആരോപിക്കുന്നു. സഹോദരി ഷംല, ഷംലയുടെ ഭർത്താവ് ഷെമീർ എന്നിവർക്കെതിരേയാണ് അൻസൽന പരാതി നൽകിയിരിക്കുന്നത്. അൻസൽനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽനിന്ന് പിന്നീട് കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അൻസൽനയുടെ കൈക്കും വിരലുകൾക്കുമാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ എടുത്തിട്ടുണ്ടെന്ന് കൂടൽ സി.ഐ. എച്ച്.എൽ.സജീഷ് പറഞ്ഞു. ഒന്നരമാസം മുൻപാണ് അൻസൽന, അഖിൽകുറുപ്പിനെ വിവാഹം കഴിച്ചത്.