തൃശ്ശൂർ: രാജ്യത്തെ ഭക്ഷ്യവിപണിയിൽ ഒരുവർഷത്തിനിടെ എല്ലാ എണ്ണകളുടെയും വില കുതിച്ചുയർന്നപ്പോൾ െവളിച്ചെണ്ണവില മാത്രം കൂടിയില്ല. വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ സർക്കാർ നടപടികൾ സ്വീകരിച്ചതോടെ രണ്ടാഴ്‌ചയായി ഭക്ഷ്യയെണ്ണകളുടെ വിലയിടിയുന്നതോടൊപ്പം വെളിച്ചെണ്ണവിലയും കൂപ്പുകുത്തുകയാണ്.

രണ്ടാഴ്‌ചയ്ക്കിടെ വെളിച്ചെണ്ണവില കിലോയ്ക്ക്‌ അഞ്ചുരൂപയാണ് കുറഞ്ഞത്. ഇതോടൊപ്പം കൊപ്രവിലയും കുറയുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം നാളികേരം ഉത്‌പാദിപ്പിക്കുന്ന കേരളത്തെയാണ് വിലയിടിവ് സാരമായി ബാധിക്കുക. എല്ലാ ഭക്ഷ്യയെണ്ണകൾക്കും വിലയുയർന്നപ്പോൾ വെളിച്ചെണ്ണവില ഉയരാതിരിക്കുകയും എണ്ണകളുടെ വില കുറയുന്പോൾ വെളിച്ചെണ്ണവിലയും കുറയുകയും ചെയ്യുന്ന വൈരുദ്ധ്യത്തിൽ പകച്ചുനിൽക്കുകയാണ് തെങ്ങുകർഷകരും വെളിച്ചെണ്ണവ്യാപാരികളും. കസ്റ്റംസ് തീരുവയിൽ‍ ഇളവ്‌ വരുത്തിയാണ് എണ്ണവില കുറച്ചത്.

എണ്ണകളുടെ വിലവിവരം (അവലംബം-കൺസ്യൂമേഴ്സ് അഫയേഴ്സ് വകുപ്പ്)

ഇനം മൊത്തവ്യാപാരവില (ക്വിന്റലിന്)

പേര് 15 സെപ്റ്റം. 2021 15 ഒാഗ. 2021 15 സെപ്റ്റം. 2020 വിലവ്യത്യാസം

സോയ എണ്ണ 14471 14560 9753 +48%

വനസ്പതി 12508 12518 8612 +45%

കടുകെണ്ണ 16573 16130 11674 +42%

സൂര്യകാന്തിയെണ്ണ 15965 16066 10771 +48%

കടലയെണ്ണ 16839 16792 14122 +19%

പാമോയിൽ 12349 12307 8825 +40%

വെളിച്ചെണ്ണ 17000 17400 17500 - 2%

എള്ളെണ്ണ 23800 24500 24400 - 3%

കേരളത്തിലെ ചില്ലറവ്യാപാരവിപണിയിലിപ്പോൾ വെളിച്ചെണ്ണ കിലോഗ്രാമിന് 163 രൂപയാണ്. സെപ്റ്റംബർ നാലിന് ഇത് 168 രൂപയായിരുന്നു.