മലപ്പുറം: അടുക്കളയിൽനിന്ന് ഒരുദിവസംപോലും മാറ്റിനിർത്താനാവാത്ത ഇനമാണ് കറിവേപ്പില. ഭക്ഷണത്തിന് രുചിയും സുഗന്ധവും പകരാൻ മലയാളിക്ക് കറിവേപ്പില നിർബന്ധം. വീട്ടുവളപ്പിൽ സ്വന്തമായൊരു കറിവേപ്പുമരം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. നട്ടാലും പക്ഷേ, പിടിച്ചുകിട്ടുക പ്രയാസമാണ്. കടകളിൽനിന്ന് വാങ്ങുന്നതാകട്ടെ വിശ്വസിച്ച് കഴിക്കാനുംവയ്യ.

മലപ്പുറം പടിഞ്ഞാറ്റുമുറി ഗ്രാമത്തിലുള്ളവർക്ക് ഇനി ഇമ്മാതിരി വേവലാതികളുണ്ടാകില്ല. സ്വന്തമായി കറിവേപ്പ് മരമില്ലെങ്കിൽ പുലാക്കാടി ഷൗക്കത്തലിയുടെ വീട്ടിലെത്തിയാൽ മതി. മതിലിനോടുചേർന്ന് റോഡരികിലൊരു കറിവേപ്പ് തോട്ടം ഒരുക്കിയിട്ടുണ്ട്. വിഷം കലരാത്ത ഇലകൾ ആവശ്യത്തിന് പറിച്ചെടുക്കാം സൗജന്യമായി.

ഒരുവർഷം മുമ്പാണ് കരാറുകാരനായ ഷൗക്കത്ത് 16 കറിവേപ്പ് തൈകൾ നട്ടത്. മികച്ച പരിചരണം നൽകിയതിനാൽ അവ നന്നായി വളർന്നു. ഇപ്പോൾ അത്യാവശ്യക്കാർക്ക് എടുക്കാനുള്ള ഇലകളുണ്ട്. ’കുറച്ചുകൂടി കഴിഞ്ഞാൽ ഇതിനടുത്ത് കത്തിയും കത്രികയും വെക്കും. ഇതൊരു പരീക്ഷണമാണ്. കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ ഇനിയും നട്ടുവളർത്തും- ഷൗക്കത്ത് പറഞ്ഞു.

കൃഷി സ്‌നേഹിയായ ഷൗക്കത്ത് പരിപാടികൾക്കും വിരുന്നിനും പോകുമ്പോൾ തൈകളാണ് സമ്മാനമായി നൽകുക. മകളുടെ വിവാഹത്തിനെത്തിയ മൂവായിരത്തോളം പേർക്കും തൈകൾ കൊടുത്തു. ഇപ്പോൾ പടിഞ്ഞാറ്റുമുറിയിലെ മിക്ക വീടുകളിലും ഇദ്ദേഹം സമ്മാനിച്ച ഒരു മരമെങ്കിലുമുണ്ടാകും.

തൊടാം, പറിക്കാം, മണക്കാം

’തൊടരുത്, പറിക്കരുത്, മണക്കരുത്’ എന്ന തോട്ടങ്ങളിലെ പതിവ് നിയമം ഇവിടെ ബാധകമല്ല. ’തൊടാം, പറിക്കാം, മണക്കാം’ എന്നാണ് ഷൗക്കത്തിന്റെ മുദ്രാവാക്യം. അത് തോട്ടത്തിൽ എഴുതിവെക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.