മലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഇതുവരെയുള്ള തീരുമാനങ്ങൾ കൂട്ടായി ആലോചിച്ച് എടുത്തതാണ്. പാണക്കാട് തങ്ങൾ ഒരു തീരുമാനമെടുത്താൽ അതു മാറ്റാറില്ല. ഹരിത കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ആരെയും പുറത്താക്കിയിട്ടില്ല. ഭാവി കാര്യങ്ങളെക്കുറിച്ചാണ് ഇനി ആലോചിക്കുക.

ഹരിത വിഷയത്തിൽ ലീഗിന്‌ വ്യത്യസ്ത ശബ്ദമില്ല. പാർട്ടിയിലെ എല്ലാ നേതാക്കളും ഒന്നുതന്നെയാണ് പറയുന്നത്. മുൻ ഭാരവാഹികൾക്കെതിരായ നടപടിക്കുകാരണം സാദിഖലി തങ്ങളുടെ കടുംപിടുത്തമാണെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ കൂട്ടായ തീരുമാനമാണെന്നും ആർക്കും വ്യക്തിപരമായി ഉത്തരവാദിത്വം ചാർത്തുന്നതു ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

പാലാ ബിഷപ്പിെൻറ പ്രസ്താവനയിലുള്ള ചർച്ചകൾ അവസാനിപ്പിക്കണം. വിവാദങ്ങൾ അവസാനിപ്പിക്കുകയാണുവേണ്ടത്. അതിൽ ചർച്ചകൾ തുടരുന്നത് അഭികാമ്യമല്ല. വിവാദങ്ങൾക്ക് ഇടയിൽ നടക്കുന്ന നല്ല കാര്യങ്ങളും കാണേണ്ടതുണ്ട്. താമരശ്ശേരി ബിഷപ്പുമായി എം.കെ. മുനീറിെൻറ നേതൃത്വത്തിൽ സൗഹൃദപരമായ ചർച്ചകൾ നടന്നു. അതുകൊണ്ട് അവിടെ ഉണ്ടായ വിവാദങ്ങൾ അവസാനിെച്ചന്നും അതുകൂടി എല്ലാവരും കാണണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.