എടപ്പാൾ: സർക്കാർ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കാനായി വിഭാവനംചെയ്ത എംകേരളം ആപ് വീണ്ടുംവരുന്നു. കൂടുതൽ സേവനങ്ങളുൾപ്പെടുത്തി അടുത്തമാസത്തോടെ ജനങ്ങൾക്കു മുന്നിലെത്തിക്കാനുള്ള നടപടികളായി. കുമരനെല്ലൂരിലെ ജെയിംസ് ജോസഫ് മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിലേക്കു നൽകിയ പരാതിക്കു രണ്ടുമാസത്തിനുശേഷം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.

റവന്യൂ, തദ്ദേശം, പോലീസ്, ആരോഗ്യം തുടങ്ങി ഭൂരിഭാഗം സർക്കാർ വകുപ്പുകളിൽനിന്നുമുള്ള സേവനങ്ങൾ മൊബൈൽ ആപ്പുവഴി ജനങ്ങൾക്കുലഭ്യമാക്കാനായി ആരംഭിച്ചതായിരുന്നു എംകേരളം. റവന്യൂ വകുപ്പിലെ മിക്ക സേവനങ്ങളും മറ്റു വകുപ്പുകളിലെ ഭാഗിക സേവനങ്ങളുമായി ഇതു രണ്ടുവർഷത്തോളം നല്ലരീതിയിൽ പ്രവർത്തിച്ചു. പ്ലേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്‌ത് ഓരോ വകുപ്പുകളുടെയും സേവനങ്ങളുടെ ലിങ്കിൽ കയറിയാൽ ജനസേവനകേന്ദ്രങ്ങളിൽ പോകാതെതന്നെ നേരിട്ട് പരാതികളും അപേക്ഷകളും നൽകാനും തത്‌സ്ഥിതി അറിയാനും രേഖകൾ ഡൗൺലോഡ് ചെയ്യാനുമെല്ലാം ഇതിലൂടെ സാധിക്കുമായിരുന്നു. കോവിഡുകാലത്ത് പുറത്തിറങ്ങാതെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭിക്കാൻ ഏറെ ഉപകാരപ്രദമാകുമായിരുന്ന സംവിധാനം പുനരാരംഭിക്കണമെന്ന് വ്യാപകമായ ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.