കോട്ടയം: ഹൃദയത്തിലെ പ്രധാന വാൽവ്‌ ചുരുങ്ങുന്ന അവസ്‌ഥയിലുള്ള രോഗിക്ക്‌ ഹൃദയംതുറന്നുള്ള ശസ്‌ത്രക്രിയ ഒഴിവാക്കി ഹൃദയവാൽവ് മാറ്റിവെച്ച്‌ കോട്ടയം കാരിത്താസ്‌ ആശുപത്രി. ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ (ടാവി) എന്ന ആധുനിക ചികിത്സാരീതിയിലൂടെ വാൽവ്‌ പിടിപ്പിച്ചാണ് കാരിത്താസ് ഈ നേട്ടം കൈവരിച്ചത്.

വളരെ അപൂർവമായിമാത്രം കണ്ടുവരുന്ന ബികസ്പിഡ് അയോർട്ടിക് വാൽവ് എന്ന അവസ്ഥയിൽ ഉണ്ടായിരുന്ന കുറവിലങ്ങാട് സ്വദേശി വി.ജെ.ആന്റണി എന്ന 70-കാരനിലാണ്‌ പുതിയ വാൽവ് ഘടിപ്പിച്ചത്‌. ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവ് ചുരുങ്ങിയ അവസ്ഥയിലുള്ള രോഗികളിൽ തുടയിലെ ധമനിയിലൂടെ വാൽവ് ഘടിപ്പിച്ച കത്തീറ്റർ കടത്തിവിട്ട് പഴയ വാൽവിനു പകരമായി പിടിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ, അഥവാ ടാവി. മൂന്ന് ദിവസത്തിനുള്ളിൽ രോഗി പൂർണ ആരോഗ്യവാനായി ആശുപത്രിവിട്ടു.

മധ്യകേരളത്തിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ കാരിത്താസ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയതെന്ന്‌ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. ജോണി ജോസഫ്‌, ചീഫ്‌ ഇന്റർവെൻഷണൽ കാർഡിയോളജിസ്‌റ്റ്‌ ഡോ. ദീപക്‌ ഡേവിഡ്‌സൺ, മീഡിയാ റിലേഷൻസ്‌ ഓഫീസർ ടിജോ ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഡോ.ദീപക് ഡേവിഡ്‌സൺ, ഡോ. ജോണി ജോസഫ്, ഡോ. രാജേഷ് എം.രാമൻകുട്ടി, ഡോ. നിഷ പാറ്റാനി, ഡോ. ജോബി കെ. തോമസ്, ഡോ. തോമസ് ജോർജ്, ഡോ. ഗൗതം രാജൻ, ഡോ. ഹെൻലി പി.ആൻഡ്രൂസ്, ഡോ. ജോൺ മാത്യു എന്നിവരടങ്ങുന്ന സംഘമാണ്, ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ചികിത്സ വേദനരഹിതമാണ്‌. ചെറിയ മുറിപ്പാട്‌ മാത്രമാണുണ്ടാകുക. ഹൃദയം തുറന്നുള്ള സർജറിയെ അപേക്ഷിച്ച് സങ്കീർണതകൾ കുറവാണ്‌. വളരെ പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാം.

മുൻകാലങ്ങളിൽ 30 ലക്ഷത്തിലധികം ചെലവ് വരുമായിരുന്ന ഈ ചികിത്സ ഇപ്പോൾ 15 ലക്ഷത്തോളം ചെലവിൽ ചെയ്തുവരുന്നു.