കൊല്ലം : ഓണത്തെപ്പറ്റി പറഞ്ഞ റിതിക ഓണസദ്യയുടെ ചിത്രം പങ്കുവെച്ചപ്പോൾ കൊളംബിയൻ കുട്ടികളിൽ അമ്പരപ്പായി. സ്പൂണില്ലാതെ കൈകൊണ്ടാണിത് കഴിക്കുന്നതെന്നറിഞ്ഞതും അവർക്ക് ആശ്ചര്യം. ഗൗരി കുട്ടനാടിനെപ്പറ്റി സംസാരിച്ചു. ഹൗസ്‌ബോട്ടുകളെപ്പറ്റി പറഞ്ഞു. നവോമി മംഗളൂരുവിനെയും യക്ഷഗാനത്തെയും പരിചയപ്പെടുത്തി.

കേരളത്തിലെ കുട്ടികൾ സംസാരിച്ചത് അങ്ങ് കൊളംബിയയിലെ വിദ്യാർഥികളുമായാണ്. ഇവിടത്തെ ആചാരങ്ങളും ഭക്ഷണവും വസ്ത്രങ്ങളും എല്ലാം ഇവർ പരിചയപ്പെടുത്തുമ്പോൾ അവിടെയുള്ള വിശേഷങ്ങൾ തിരിച്ചും. ആഗോളപൗരൻമാരെ സൃഷ്ടിക്കുക എന്ന സങ്കല്പത്തിൽ അധിഷ്ഠിതമായി ഇത്തരമൊരു ഓൺലൈൻ ആശയവിനിമയ സംരംഭത്തിന് തുടക്കംകുറിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഗ്ളോബൽ സിറ്റിസൺ ടുമോറോ’ എന്ന സ്റ്റാർട്ടപ്പ്. അവരുടെ ‘അതിരുകൾക്കപ്പുറം കുടുംബം’ എന്ന പരിപാടിയായിരുന്നു ഇത്. കോഴിക്കോട് സ്വദേശിയായ ശ്രീജിത്തും സുഹൃത്തുക്കളുമാണ് ഈ ആശയത്തിനുപിന്നിൽ.

വിനോദസഞ്ചാര രംഗത്തുണ്ടായിരുന്ന ഈ കൂട്ടായ്മ, കോവിഡ് നിയന്ത്രണങ്ങൾ ആ മേഖലയെ ബാധിച്ചതോടെയാണ് ഇത്തരമൊരു ആശയത്തിലേക്കു മാറിയത്. ഇന്ത്യയിൽനിന്നുള്ള 19 കുട്ടികളും കൊളംബിയയിൽനിന്നുള്ള 15 കുട്ടികളുമായി കഴിഞ്ഞയാഴ്ചയാണ് ആശയവിനിമയം നടത്തിയത്.

ചിറാപുഞ്ചി, ഗുജറാത്തിലെ കച്ച്, കേരളത്തിലെ കായലുകൾ, ലേയിലെ മഞ്ഞണിഞ്ഞ പർവതങ്ങൾ... ഇന്ത്യയുടെ വൈവിധ്യം പ്രകടമാവുന്ന വീഡിയോ ആദ്യം പ്രദർശിപ്പിച്ചു. കൊളംബിയയിലെ ജീവിതവും സ്പോർട്‌സും ജനതതികളെയും സിനിമയെയും വ്യക്തമാക്കുന്ന വീഡിയോ അവരും അവതരിപ്പിച്ചു. സ്പാനിഷ് ഭാഷയിലെ ചില പദങ്ങൾ പഠിക്കാനുള്ള ഉത്സാഹം ഇന്ത്യൻ കുട്ടികൾ കാണിച്ചപ്പോൾ, ഹിന്ദിയിൽനിന്നുള്ള വാക്കുകൾ ഉച്ചരിക്കാൻ അവരും ശ്രമിച്ചു. കൊളംബിയൻ കുട്ടികളുടെ സംഘനൃത്തം അരങ്ങേറിയപ്പോൾ ഹൈദരാബാദിൽനിന്നുള്ള പവാനി കുച്ചിപ്പുഡി അവതരിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചാണ് പരിപാടികൾ സമാപിച്ചത്.

12-15 വയസ്സുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പങ്കെടുത്തത്. അടുത്ത ആശയവിനിമയം അസർബയ്‌ജാനിലെ കുട്ടികളുമൊന്നിച്ചാണ്. 24 രാജ്യങ്ങളുമായി ഇതിനകം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു.